നാദാപുരത്ത് ദാരുണം; മരുമകളുടെ ക്രൂരമർദ്ദനത്തിൽ വൃദ്ധ ദമ്പതികൾക്ക് ഗുരുതര പരിക്ക്
നാദാപുരം: കുടുംബ വഴക്കിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ മരുമകളുടെ ക്രൂരമായ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾക്ക് ഗുരുതര പരിക്ക്. ചേലക്കാട് കോരപ്പുറത്ത് വീട്ടിൽ കണ്ണൻ (71), ഭാര്യ ദേവി (60) എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ മരുമകൾ നീതുവിനെതിരെ നാദാപുരം പോലീസ് കേസെടുത്തു.
ഇന്നലെ ഉച്ചയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടിലുണ്ടായ തർക്കങ്ങൾക്കിടെയാണ് മരുമകൾ നീതു വൃദ്ധ ദമ്പതികൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഭർതൃപിതാവായ കണ്ണനെ വീട്ടിനുള്ളിൽ തടഞ്ഞുവെച്ച ശേഷം, കൈയിലുണ്ടായിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ചെവിയിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
പിതാവിനെ ആക്രമിച്ചതിന് പിന്നാലെ ദേവിയെ ആക്രമിക്കാനായി ഇവർ കുളിമുറിയിലേക്ക് ഇരച്ചുകയറി. ദേവിയെ ക്രൂരമായി മർദ്ദിച്ച ശേഷം തല പിടിച്ചു തറയിലെ ടൈലിൽ ശക്തിയായി ഇടിക്കുകയായിരുന്നു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ദമ്പതികളെ ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാദാപുരം പോലീസ് ദമ്പതികളുടെ മൊഴി രേഖപ്പെടുത്തുകയും അക്രമിയായ നീതുവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. നിലവിൽ ദമ്പതികൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

Comments
Post a Comment