മുഖത്തും നെഞ്ചിലും ഉൾപ്പടെ ശരീര ഭാഗങ്ങളിൽ പൊള്ളലേറ്റത് അറുപത് ശതമാനത്തോളം; രജിന്റെ മൃതദേഹം മെഡിക്കൽ കോളേലേക്ക് മാറ്റി
പേരാമ്പ്ര: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. കാറിന് തീപിടിച്ച് മുഖം, നെഞ്ച് തുടങ്ങിയ ശരീരഭാഗങ്ങളിൽ അറുപത് ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശി രജിൻലാൽ ആണ് ഇന്നലെ വൈകീട്ടോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്.
കഴിഞ്ഞ മെയ് 15-ന് രാത്രിയുണ്ടായ ദുരൂഹത നിറഞ്ഞ അപകടത്തിൽ രജിൻലാലിന്റെ ഭാര്യ സോന സംഭവദിവസം തന്നെ മരണപ്പെട്ടിരുന്നു. രജിൻ കൂടി മരണപ്പെട്ടതോടെ നാടിനെ നടുക്കിയ കാർ തീപിടുത്ത കേസ് കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.
രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആളിപ്പടർന്ന തീ; തോട്ടിലേക്ക് ചാടി
കഴിഞ്ഞ മെയ് പതിനഞ്ചിന് രാത്രി ഒൻപത് മണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ബന്ധുവീട്ടിൽ പോയി സ്വന്തം വീട്ടിലേക്ക് കാറിൽ മടങ്ങുകയായിരുന്നു രജിൻലാലും സോനയും. യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായി കാറിനുള്ളിൽ തീ പടരുകയായിരുന്നു. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഡ്രൈവിങ് സീറ്റിലായിരുന്ന രജിൻലാൽ കാറിൽ നിന്ന് പുറത്തിറങ്ങി.
തുടർന്ന് പിൻസീറ്റിലിരിക്കുകയായിരുന്ന ഭാര്യ സോനയെ രക്ഷപ്പെടുത്താനായി കാറിന്റെ പിൻവാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും ഡോർ ലോക്കായതിനാൽ സാധിച്ചില്ല. ഇതിനിടെ രജിന്റെ ശരീരത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ശരീരമാകെ തീ പടർന്നതോടെ ജീവൻ രക്ഷിക്കാനായി രജിൻ തൊട്ടടുത്തുള്ള തോട്ടിലേക്ക് ചാടി. കാറിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ സോന മരണപ്പെട്ടിരുന്നു.
ഷോർട്ട് സർക്യൂട്ടല്ല; സിസിടിവി ദൃശ്യങ്ങളിൽ വഴിത്തിരിവ്
അപകടത്തിന് പിന്നാലെ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കാറിലുണ്ടായ ഷോർട്ട് സർക്യൂട്ടല്ല തീപിടുത്തത്തിന് കാരണമെന്ന് മോട്ടോർ വാഹന വകുപ്പും പോലീസും വ്യക്തമാക്കിയിരുന്നു. തുടർന്ന് പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ വിശദമായ അന്വേഷണത്തിലാണ് കേസിൽ വൻ വഴിത്തിരിവുണ്ടായത്. മരണപ്പെട്ട സോന സംഭവദിവസം ഒരു കാനിൽ പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി.
കൂടാതെ, ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ രജിൻലാൽ പോലീസിന് നിർണായക മൊഴി നൽകിയിരുന്നു. അപകടസമയത്ത് കാറിനുള്ളിൽ പെട്രോളിന്റെ കടുത്ത ഗന്ധം ഉണ്ടായിരുന്നതായാണ് രജിൻ മരണമൊഴിയായി പോലീസിനോട് പറഞ്ഞത്.
പ്രത്യേക അന്വേഷണം വേണമെന്ന് കുടുംബം.
അതിനിടെ, സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സോനയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് രജിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നിലെ യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരാൻ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
രജിന്റെ മരണത്തോടെ കേസ് അന്വേഷണം കൂടുതൽ ഊർജിതമാക്കാനാണ് പോലീസ് തീരുമാനം. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും കാർ വിശദമായി പരിശോധിച്ച് വരികയാണ്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Comments
Post a Comment