ഭാര്യയുടെ മൃതദേഹത്തിനരികെ 'കരച്ചിൽ നാടകം'; നെഞ്ചുവേദന അഭിനയിച്ച ഭർത്താവിനെ പൊക്കി പോലീസ്

 



മീററ്റ്: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ സിനിമാ സ്റ്റൈലിൽ നാടകം കളിച്ച ഭർത്താവ് പിടിയിൽ. ഉത്തർപ്രദേശിലെ മീററ്റ് ലിസാരി ഗേറ്റ് സ്വദേശി കൗസറിനെ (32) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് സാഖിബാണ് അറസ്റ്റിലായത്. ഉറങ്ങിക്കിടന്ന ഭാര്യയെ പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കൊള്ളസംഘം നടത്തിയ കൊലപാതകമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇയാളുടെ ശ്രമം.

​വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് കൗസറിനെ വീടിനുള്ളിൽ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ പോലീസിനോട്, കറുത്ത വസ്ത്രം ധരിച്ച ഒരാൾ വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് സാഖിബ് മൊഴി നൽകിയത്. മോഷണശ്രമത്തിനിടെയാണ് മരണം സംഭവിച്ചതെന്ന് വരുത്താൻ വീട്ടിലെ സാധനങ്ങൾ വാരിവലിച്ചിടുകയും ചെയ്തു.

​നാട്ടുകാർക്കും ബന്ധുക്കൾക്കും മുന്നിൽ തകർന്നുപോയെന്ന് വരുത്താൻ സാഖിബ് വാവിട്ട് നിലവിളിക്കുകയും ഇടയ്ക്ക് നെഞ്ചുവേദന അഭിനയിച്ച് തളർന്നു വീഴുകയും ചെയ്തു. ബന്ധുക്കൾ ഇയാളുടെ നെഞ്ചു തിരുമ്മി ആശ്വസിപ്പിക്കുന്ന സാഹചര്യം വരെയുണ്ടായി.

​കൃത്യം നടക്കുമ്പോൾ ദമ്പതികളുടെ മൂന്ന് പെൺമക്കളും വീട്ടിലുണ്ടായിരുന്നു. പിടിക്കപ്പെടുമെന്ന് ഭയന്ന സാഖിബ്, "കള്ളന്മാർ വന്ന് അമ്മയെ കൊന്നതാണെന്ന്" പോലീസിനോട് പറയാൻ മക്കളിൽ ഒരാളെ ഭീഷണിപ്പെടുത്തി പഠിപ്പിച്ചു. എന്നാൽ കുട്ടിയുടെ പെരുമാറ്റത്തിലെ പതർച്ചയും സാഖിബ് ഇടയ്ക്കിടെ മാറ്റിപ്പറഞ്ഞ മൊഴികളും പോലീസിൽ സംശയമുണ്ടാക്കി.

​സംശയം തോന്നി പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ സാഖിബ് തകരുകയും കുറ്റം സമ്മതിക്കുകയും ചെയ്തു. ഇയാളുടെ വിവാഹേതര ബന്ധത്തെ കൗസർ ശക്തമായി എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടിൽ വഴക്ക് പതിവായിരുന്നു. സംഭവദിവസം പുലർച്ചെ കൗസർ ഉറങ്ങിക്കിടക്കുമ്പോൾ പേപ്പർ കട്ടർ ഉപയോഗിച്ച് ഇയാൾ കഴുത്തറുക്കുകയായിരുന്നു.

​തെളിവുകൾ നിരത്തിയുള്ള പോലീസിന്റെ ചോദ്യം ചെയ്യലിൽ എല്ലാ നാടകങ്ങളും പൊളിഞ്ഞു. മീററ്റ് പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി