ചക്കിട്ടപാറയിലെ ‘കുട്ടിക്കൂട്ടം’ തിരുവനന്തപുരത്ത് ; ടിവിയിൽ കണ്ട ആരാധന നേരിൽ കണ്ട നിമിഷം; കുട്ടിക്കൂട്ടത്തിന് വി.ഡി. സതീശൻ്റെ സർപ്രൈസ്

 



ചക്കിട്ടപാറ: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കയ്യൊപ്പ് പതിഞ്ഞ തങ്ങളുടെ പ്രിയപ്പെട്ട കുപ്പായങ്ങൾ ഇനി അലക്കാതെ സൂക്ഷിച്ചുവെക്കാനൊരുങ്ങുകയാണ് ചെമ്പനോടയിലെ ഒരു കൂട്ടം കൊച്ചുമിടുക്കന്മാർ. കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ട് കണ്ട് ഒപ്പ് വാങ്ങിയതിന്റെ ആവേശത്തിലാണ് ഈ കുട്ടിക്കൂട്ടം.

​കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ വിദ്യാർഥികളായ, ചെമ്പനോട കുറത്തിപ്പാറ സിസ്റ്റർ ലിനി സ്മാരക അങ്കണവാടിക്ക് സമീപത്തെ തസ്നിം വീട്ടിൽ മുഹമ്മദ് - ഫാജിഷ മുഹമ്മദ് ദമ്പതികളുടെ മക്കളായ ഫസീം മിറാഷ്, ഫാത്തിമ മുഹമ്മദ്, റഹ്മത്ത് മഹൽ വീട്ടിൽ ഷംസീർ അഹമ്മദ് - അഫീറ ദമ്പതികളുടെ മക്കളായ ആമിന മെഹക്, മെഹ്ബിഷ് മറിയം, ആദം ഫെയ്ദ്, മുഹമ്മദ് മെഹജാൻ, കുറ്റ്യാടി അടുക്കത്ത് ഒന്തത്ത് വീട്ടിൽ സുൽനാസ് - മജ്സിയ ദമ്പതികളുടെ മക്കളായ ആദം സുൽനാസ്, ആൽഫ സുൽനാസ് എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദർശിച്ച ആംശസ സംഘത്തിലുണ്ടായിരുന്നത്.

​ടിവി വാർത്തകളിലൂടെ തുടങ്ങിയ ആരാധന

​വാർത്താ ചാനലുകളിലും പത്രങ്ങളിലും മുഖ്യമന്ത്രി വി.ഡി. സതീശനെ കുറിച്ചുള്ള വാർത്തകൾ സ്ഥിരമായി കണ്ടാണ് ഈ കുട്ടികൾ അദ്ദേഹത്തിന്റെ വലിയ ആരാധകരായി മാറിയത്. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ടിവിയിൽ തത്സമയം കണ്ടതോടെ അദ്ദേഹത്തെ നേരിൽ കാണണമെന്ന ആഗ്രഹം കുട്ടികൾ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾക്കൊപ്പമാണ് കുട്ടികൾ തിരുവനന്തപുരത്ത് എത്തിയത്.

​  സെക്രട്ടേറിയറ്റിലെത്തിയ സംഘം അവിടെയുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനോട് തങ്ങളുടെ ആഗ്രഹം പറയുകയും, കുട്ടികളുടെ താല്പര്യം കണ്ട് സുരക്ഷാ ജീവനക്കാർ ഇവർക്ക് പ്രവേശനം അനുവദിക്കുകയുമായിരുന്നു. ഓഫീസിൽ ഒട്ടേറെ സന്ദർശകർ ഉണ്ടായിരുന്നിട്ടും, കുട്ടിക്കൂട്ടം എത്തിയിട്ടുണ്ടെന്ന വിവരമറിഞ്ഞ് ഒട്ടും വൈകാതെ തന്നെ മുഖ്യമന്ത്രി ഇവരെ ഉള്ളിലേക്ക് വിളിപ്പിച്ചു.

​മറന്നുപോയ പേന; കുപ്പായത്തിൽ വീണ ‘വിഡിഎസ്’ ഒപ്പ്

​കുട്ടികളെ സ്നേഹത്തോടെ ചേർത്തുപിടിച്ച് മുഖ്യമന്ത്രി കുശലാന്വേഷണം നടത്തി. ഓട്ടോഗ്രാഫ് വാങ്ങുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾ എത്തിയതെങ്കിലും, തിരക്കിനിടയിൽ പേന കരുതാൻ ഇവർ മറന്നുപോയിരുന്നു. എന്നാൽ ഈ ചെറിയ പ്രതിസന്ധിക്ക് മുഖ്യമന്ത്രി തന്നെ പരിഹാരം കണ്ടു. സംഘത്തിലുണ്ടായിരുന്ന ഫസീം മിറാഷ് ധരിച്ചിരുന്ന ടി-ഷർട്ടിന്റെ പുറകിൽ 'വിഡിഎസ്' (VDS) എന്ന് മുഖ്യമന്ത്രി തന്റെ പേനകൊണ്ട് ഒപ്പിട്ടു നൽകി. തുടർന്ന് മറ്റുള്ള കുട്ടികളുടെയും കുപ്പായങ്ങളിൽ അദ്ദേഹം കയ്യൊപ്പ് ചാർത്തി.

​മാതാപിതാക്കളോടും വിദ്യാർഥികളോടും സംസാരിച്ച അദ്ദേഹം അവർക്കൊപ്പം ഫോട്ടോയും വീഡിയോയും എടുത്തു. ഏകദേശം 15 മിനിറ്റോളം തന്റെ കുഞ്ഞ് ആരാധകർക്കായി മുഖ്യമന്ത്രി സമയം മാറ്റിവെച്ചു. നന്നായി പഠിച്ച് നല്ല മക്കളായി വളരണമെന്ന ഉപദേശവും സ്നേഹത്തോടെ നൽകിയാണ് അദ്ദേഹം കുട്ടികളെ യാത്രയാക്കിയത്.

​ആവേശം പങ്കുവെച്ച് കുട്ടികൾ

​"മുഖ്യമന്ത്രി ഞങ്ങളെ കെട്ടിപ്പിടിച്ചാണ് യാത്രയാക്കിയത്," എന്ന് ആറാം ക്ലാസ് വിദ്യാർഥിയായ ഫസീം മിറാഷ് വലിയ സന്തോഷത്തോടെ പങ്കുവെച്ചു. നിരന്തരം ന്യൂസ് ചാനലുകളും പത്രങ്ങളും കണ്ട് വി.ഡി. സതീശനോട് വലിയ ആരാധന തോന്നിയിരുന്നതായി നാലാം ക്ലാസ് വിദ്യാർഥിയായ മെഹ്ബീഷ് മറിയവും പറഞ്ഞു.


​പ്രിയ നേതാവിനെ നേരിൽ കാണാൻ സാധിച്ചതിന്റെയും, തങ്ങളുടെ കുപ്പായത്തിൽ അദ്ദേഹത്തിന്റെ കയ്യൊപ്പ് വാങ്ങാൻ കഴിഞ്ഞതിന്റെയും ആഹ്ലാദത്തിലാണ് ഈ കുട്ടിക്കൂട്ടവും കുടുംബവും ഇപ്പോൾ.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി