മകളുടെ ശബ്ദവും രൂപവും; എഐ ചതിക്കുഴിയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഒരമ്മ
സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യജീവിതം സുഗമമാക്കുമ്പോഴും, അത് ക്രിമിനലുകളുടെ കൈകളിൽ എത്രത്തോളം അപകടകരമായ ആയുധമാകുന്നു എന്നതിന് തെളിവായി ഫ്ലോറിഡയിൽ നിന്നുള്ള ഒരു ഞെട്ടിക്കുന്ന അനുഭവം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് മകളുടെ ശബ്ദവും രൂപവും അനുകരിച്ച് നടത്തിയ തട്ടിപ്പ് ശ്രമത്തിൽ നിന്നും തലനാരിഴയ്ക്കാണ് എറിക്ക ആൻഡേഴ്സൺ എന്ന യുവതി രക്ഷപ്പെട്ടത്.
പതിവുപോലെ മകൾ സ്കൂളിലായിരുന്ന സമയത്താണ് എറിക്കയുടെ ഫോണിലേക്ക് മകളുടെ നമ്പറിൽ നിന്നും ഒരു ഫേസ്‌ടൈം കോൾ വരുന്നത്. ഫോൺ എടുത്തപ്പോൾ മകളുടെ അതേ രൂപത്തിലും ഭാവത്തിലുമുള്ള ദൃശ്യമാണ് സ്ക്രീനിൽ തെളിഞ്ഞത്. "അമ്മേ, എനിക്ക് സുഖമില്ല, വാതിൽ തുറക്കാമോ?" എന്നായിരുന്നു മകളുടെ ശബ്ദത്തിലുള്ള അഭ്യർത്ഥന.
എന്നാൽ, ആ സമയത്ത് മകൾ സ്കൂളിലായിരിക്കണം എന്ന ബോധ്യം എറിക്കയെ സംശയത്തിലാക്കി. ഉടൻ തന്നെ വീടിന്റെ സെക്യൂരിറ്റി ക്യാമറകൾ പരിശോധിച്ച അവർക്ക് വാതിൽക്കൽ ആരെയും കണ്ടെത്താനായില്ല.
സംശയം ബലപ്പെട്ടതോടെ എറിക്ക മറുപുറത്തുള്ള വ്യക്തിയോട് ചില സ്വകാര്യ ചോദ്യങ്ങൾ ചോദിക്കാൻ തീരുമാനിച്ചു. തലേദിവസം രാത്രി വീട്ടിൽ നിന്നും കഴിച്ച ഭക്ഷണം എന്തായിരുന്നു എന്ന ചോദ്യത്തിന്, "എന്തിനാണ് ഇങ്ങനെയുള്ള ഭ്രാന്തൻ ചോദ്യങ്ങൾ ചോദിക്കുന്നത്? വാതിൽ തുറക്കാമോ?" എന്നായിരുന്നു മറുപടി. മറുപടിയിൽ പന്തികേട് തോന്നിയ എറിക്ക ഉടൻ കോൾ കട്ട് ചെയ്യുകയും സ്കൂളിൽ വിളിച്ച് മകൾ സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
പിന്നീട് ഫോൺ പരിശോധിച്ച എറിക്കയെ ഞെട്ടിച്ചത് മറ്റൊരു വസ്തുതയാണ്; മകളുടെ നമ്പറിൽ നിന്ന് വന്ന ആ കോളിന്റെ വിവരങ്ങളൊന്നും ഫോണിലെ കോൾ ലോഗിൽ ഉണ്ടായിരുന്നില്ല. അത്യാധുനികമായ ഹാക്കിംഗ് വിദ്യകളിലൂടെ കോൾ വിവരങ്ങൾ മറച്ചുവെക്കപ്പെട്ട നിലയിലായിരുന്നു.
ഈ ഭീതിപ്പെടുത്തുന്ന അനുഭവത്തിന് പിന്നാലെ തന്റെ കുടുംബത്തിന്റെ സുരക്ഷയ്ക്കായി ചില കർശനമായ മുൻകരുതലുകൾ എറിക്ക സ്വീകരിച്ചു
"വളരെ പേടിപ്പെടുത്തുന്ന കാര്യമാണ് സംഭവിച്ചത്," എന്ന് എറിക്ക തന്റെ ടിക് ടോക് വീഡിയോയിലൂടെ ലോകത്തോട് പങ്കുവെച്ചു. സാങ്കേതിക വിദ്യയെ അന്ധമായി വിശ്വസിക്കരുതെന്നും ഏത് നിമിഷവും ജാഗ്രത പാലിക്കണമെന്നും ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു.

Comments
Post a Comment