ഇടിമിന്നലിൽ മലയോര മേഖല നടുങ്ങി: കൂടരഞ്ഞി കൂമ്പാറയിൽ ഒരാൾ മരിച്ചു; നാല് പേർക്ക് പരിക്ക്
കൂടരഞ്ഞി: മലയോര മേഖലയെയാകെ കണ്ണീരിലാഴ്ത്തി കൂടരഞ്ഞി കൂമ്പാറയിൽ പെട്ടെന്നുണ്ടായ ശക്തമായ ഇടിമിന്നലിൽ ഒരാൾ മരിച്ചു. കൂമ്പാറ മുണ്ടുമല ഇളംപുള്ളിയിൽ ജെയ്‌സൺ (50) ആണ് ദാരുണമായി മരണപ്പെട്ടത്. അപകടത്തിൽ നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് പ്രദേശത്തെ നടുക്കിയ ദുരന്തം സംഭവിച്ചത്. ഉച്ചയ്ക്ക് ശേഷം അന്തരീക്ഷം ആകെ ഇരുണ്ടുകൂടുകയും പിന്നാലെ അപ്രതീക്ഷിതമായി അതിശക്തമായ ഇടിമിന്നൽ ഉണ്ടാവുകയുമായിരുന്നു. കോഴിഫാമിനു സമീപം വെച്ചാണ് ജെയ്‌സണ് മിന്നലേറ്റതെന്നാണ് പ്രാഥമിക വിവരം. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ പരിക്കേറ്റ കൂമ്പാറ സ്വദേശികളായ മറ്റ് നാല് പേരെയും ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പ്രഥമശുശ്രൂഷയും ആവശ്യമായ വിദഗ്ധ ചികിത്സയും നൽകി വരികയാണ്. നിലവിൽ ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മലയോര മേഖലയിൽ വലിയ രീതിയിലുള്ള ഭീതിയാണ് ഈ അപ്രതീക്ഷിത ദുരന്തം ഉണ്ടാക്കിയിരിക്കുന്നത്.
കൂമ്പാറ ഇളംപള്ളിൽ ജെയിസൺ (50) ഇടിമിന്നലേറ്റ് മരിച്ചു.
ഇന്ന് വൈകുന്നേരം അദ്ദേഹത്തിൻ്റെ കോഴിഫാമിനു സമീപം വെച്ചാണ് ഇടിമിന്നലേറ്റത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ബിൻസി വേനപ്പാറ മറ്റത്തിൽ കുടുംബാംഗമാണ്.
മക്കൾ: ആൽഫി, അലക്സ് (ഇരുവരും വിദ്യാർത്ഥികൾ)
സംസ്കാരം: നാളെ (18-05-2026-തിങ്കൾ) വൈകുന്നേരം 04:00-ന് വസതിയിൽ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽഫ്ലവർ പള്ളിയിൽ.
കനത്ത ജാഗ്രതാ നിർദ്ദേശം
സംഭവത്തെ തുടർന്ന് കൂടരഞ്ഞി ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ ദുരന്തനിവാരണ അതോറിറ്റിയും പ്രാദേശിക ഭരണകൂടവും കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വേനൽമഴയോടനുബന്ധിച്ച് ഉണ്ടാകുന്ന ഇടിമിന്നൽ അതീവ അപകടകാരിയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Comments
Post a Comment