തോറ്റത് രാഷ്ട്രീയ പന്തയം, ജയിച്ചത് മഹേഷിന്റെ വാക്ക്; പന്തയത്തിൽ തോറ്റ സി.പി.എം അനുഭാവി ലീഗ് പ്രവർത്തകന് കറവപ്പശുവിനെ നൽകി

 


മലപ്പുറം:  രാഷ്ട്രീയ പോരാട്ടങ്ങൾക്കപ്പുറം വാക്കിന് വിലകല്പിക്കുന്ന വേറിട്ടൊരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് മലപ്പുറം. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയപരാജയങ്ങളെച്ചൊല്ലി നടത്തിയ പന്തയത്തിൽ തോറ്റ സി.പി.എം അനുഭാവി, തന്റെ പ്രിയപ്പെട്ട കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവർത്തകന് നൽകി വാക്ക് പാലിച്ചു. നിറമരുതൂർ പത്തമ്പാട് സ്വദേശിയായ കെ. മഹേഷാണ് പന്തയത്തിൽ പറഞ്ഞതുപോലെ വെട്ടം കാനൂർ സ്വദേശിയായ കുന്നത്ത് മുസ്തഫയ്ക്ക് പശുവിനെ കൈമാറിയത്.

​ഇടതുപക്ഷ സർക്കാരിന്റെ ക്ഷേമ-വികസന പ്രവർത്തനങ്ങളിൽ വിശ്വസിച്ച് എൽ.ഡി.എഫ് മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് ഉറച്ചു വിശ്വസിച്ച വ്യക്തിയായിരുന്നു ക്ഷീരകർഷകൻ കൂടിയായ മഹേഷ്. എന്നാൽ, യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന നിലപാടിലായിരുന്നു മുസ്തഫ. എൽ.ഡി.എഫിന് തുടഭരണം നഷ്ടമായാൽ തന്റെ അഞ്ച് കറവപ്പശുക്കളിൽ ഒന്നിനെ നൽകാമെന്നായിരുന്നു മഹേഷിന്റെ വെല്ലുവിളി. മറിച്ചാണെങ്കിൽ തന്റെ പശുവിനെ നൽകാമെന്ന് മുസ്തഫയും പന്തയം വെച്ചു.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ പന്തയത്തിൽ തോറ്റ മഹേഷ് ഒട്ടും വൈകാതെ തന്നെ മുസ്തഫയെ ഫോണിൽ വിളിച്ച് പശുവിനെ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. മഹേഷിന്റെ വീട്ടിലെത്തിയ മുസ്തഫയോട് തൊഴുത്തിലെ പശുക്കളിൽ ഇഷ്ടമുള്ളതിനെ തിരഞ്ഞെടുക്കാൻ അദ്ദേഹം പറഞ്ഞു. ഏകദേശം 65,000 രൂപ വിപണി വില വരുന്ന, പ്രതിദിനം 16 ലിറ്റർ പാൽ ലഭിക്കുന്ന നാലു വയസ്സുള്ള പശുവിനെയാണ് മുസ്തഫ തിരഞ്ഞെടുത്തത്.

രാഷ്ട്രീയമായി വിഭിന്ന ചേരികളിലാണെങ്കിലും വാക്കുപാലിച്ച മഹേഷിന്റെ നടപടി നാട്ടുകാരിലും കൗതുകമുണർത്തിയിട്ടുണ്ട്. യു.ഡി.എഫിന് വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്ര വലിയ മുന്നേറ്റം കരുതിയിരുന്നില്ലെന്ന് പശുവിനെ ഏറ്റുവാങ്ങിയ മുസ്തഫ പ്രതികരിച്ചു. ലഭിച്ച പശുവിനെ തന്റെ ഫാമിൽ സ്നേഹത്തോടെ വളർത്തുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കിടയിലും വ്യക്തിബന്ധങ്ങൾക്കും സത്യസന്ധതയ്ക്കും വില നൽകിയ ഈ കർഷകന്റെ മാതൃക ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചർച്ചയാവുകയാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി