കൂരാച്ചുണ്ടിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമ്മിച്ച പുതിയ റോഡ് തുറന്നു
കൂരാച്ചുണ്ട്: ഗ്രാമീണ മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി കൂരാച്ചുണ്ട് പഞ്ചായത്തിലെ എട്ടാം വാർഡിൽ നിർമ്മിച്ച തടത്തിൽതാഴെ അങ്കണവാടി - 27 മൈൽ റോഡ് ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.
പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ റോഡിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വാർഡ് മെമ്പറും വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണുമായ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാടിന്റെ വികസന കുതിപ്പിന് പുതിയ റോഡ് വലിയ സഹായമാകുമെന്ന് പ്രസിഡന്റ് പറഞ്ഞു.
ചടങ്ങിൽ വിവിധ സ്റ്റാൻഡിങ്ങ് കമ്മിറ്റി അധ്യക്ഷൻമാരായ ചെറിയാൻ ജോസഫ് അറക്കൽ, ഡാർളി അബ്രാഹം പുല്ലംകുന്നേൽ എന്നിവരും, ബ്ലോക്ക് മെമ്പർ അരുൺ ജോസ് തെക്കേപറമ്പിലും സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാരായ ജോസ് വെളിയത്ത്, സണ്ണി ജോസഫ് കാനാട്ട്, ബിന്ദു കുര്യൻ ആനിക്കാട്ട്, ആൻസമ്മ എൻ.ജെ, പ്രബീഷ് തളിയോത്ത് എന്നിവരും പ്രദേശവാസികളും ചടങ്ങിൽ സംബന്ധിച്ചു.
വർഷങ്ങളായി പ്രദേശവാസികൾ അനുഭവിച്ചിരുന്ന യാത്രാ ദുരിതത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. ഗുണനിലവാരമുള്ള പ്രവൃത്തിയിലൂടെ മികച്ച രീതിയിലാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

Comments
Post a Comment