ബാത്റൂമിൽ ഒളിച്ചിരുന്ന ഹോം നഴ്സ്,സിനിമയെ വെല്ലുന്ന ആൺവേഷത്തിൽ കെട്ടി കൂട്ടുകാരി സ്വർണം കവർന്നു
മൂവാറ്റുപുഴ: മാറാടിയിൽ കിടപ്പുരോഗിയായ വയോധികയെ ഭീഷണിപ്പെടുത്തി 10 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഹോം നഴ്സും സുഹൃത്തും പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് മധുര സ്വദേശിനി സുധ ശങ്കർ (38), ദിണ്ടിക്കൽ സ്വദേശിനി ലക്ഷ്മി (46) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം വഴിതിരിച്ചുവിടാൻ സിനിമ സ്റ്റൈലിൽ ആൺവേഷം കെട്ടിയാണ് പ്രതികൾ കവർച്ച നടത്തിയത്.
മാറാടി മഞ്ചരിപ്പടി സ്വദേശിനി മറിയാമ്മയുടെ (84) സ്വർണാഭരണങ്ങളാണ് പ്രതികൾ കവർന്നത്.
സിനിമയെ വെല്ലുന്ന ആസൂത്രണം
മറിയാമ്മയുടെ വീട്ടിലെ ഹോം നഴ്സായ സുധയും കൂട്ടുകാരി ലക്ഷ്മിയും ചേർന്ന് ദിവസങ്ങൾക്ക് മുൻപാണ് കവർച്ച ആസൂത്രണം ചെയ്തത്. ഇതിനായി ശനിയാഴ്ച തന്നെ ലക്ഷ്മി മറിയാമ്മയുടെ വീട്ടിലെത്തി ആരുമറിയാതെ ഒളിച്ചിരുന്നു. തുടർന്ന് ഞായറാഴ്ച രാവിലെ വീട്ടുകാർ പള്ളിയിൽ പോയ സമയം നോക്കിയായിരുന്നു കവർച്ച.
പാന്റും ഷർട്ടും ധരിച്ച് പൂർണ്ണമായും പുരുഷ വേഷത്തിലെത്തിയ ലക്ഷ്മി, കട്ടിലിൽ കിടക്കുകയായിരുന്ന വയോധികയുടെ ദേഹത്തുണ്ടായിരുന്ന സ്വർണം ബലംപ്രയോഗിച്ച് ഊരിയെടുക്കുകയായിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന ഹോം നഴ്സ് സുധ, തനിക്ക് പങ്കില്ലെന്ന് വരുത്തിത്തീർക്കാൻ വീട്ടിലെ ശുചിമുറിയിൽ ഒളിച്ചിരുന്നു. മോഷണത്തിന് ശേഷം കവർന്ന സ്വർണം വീട്ടുപറമ്പിലെ മാലിന്യം കത്തിക്കുന്ന സ്ഥലത്ത് കുഴിച്ചിട്ടാണ് ലക്ഷ്മി രക്ഷപ്പെട്ടത്.
വഴിത്തിരിവായത് ഫോൺ കോളും മുഷിഞ്ഞ വസ്ത്രങ്ങളും
സംഭവത്തിന് ശേഷം ലക്ഷ്മി മുമ്പ് ജോലി ചെയ്തിരുന്ന വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് ആ വീട്ടുകാർ സുധയുടെ ഫോണിലേക്ക് വിളിച്ചതാണ് കേസിൽ നിർണായക വഴിത്തിരിവായത്. ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണം ലക്ഷ്മിയുടെ താമസസ്ഥലത്തേക്ക് എത്തിച്ചു. അവിടെ നടത്തിയ പരിശോധനയിൽ മുറിയിൽ കണ്ടെത്തിയ മുഷിഞ്ഞ പുരുഷ വസ്ത്രങ്ങൾ പോലീസിൽ ശക്തമായ സംശയമുണർത്തി.
തുടർന്ന് സമീപത്തെ പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ കൂടി പോലീസ് സംഘം വിശദമായി പരിശോധിച്ചതോടെ പ്രതികളുടെ കള്ളം പൂർണ്ണമായും പൊളിയുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതോടെ പ്രതികൾ കുറ്റം സമ്മതിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പി അബ്ദുൽ മുനീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Comments
Post a Comment