കൂരാച്ചുണ്ട് അങ്ങാടിയുടെ ഹൃദയഭാഗത്ത് വേനൽച്ചൂടിലും കുളിർമയായി മനം കവർന്ന് വാകവസന്തം ; കാഴ്ചക്കാരുടെ മനം നിറയുന്നു.
കൂരാച്ചുണ്ട്: തണലേകിയ തായ്‌വഴികളിൽ ഇപ്പോൾ വർണ്ണ വിസ്മയത്തിന്റെ പൂത്തിരി. കൂരാച്ചുണ്ട് അങ്ങാടിയിലെ പേരാമ്പ്ര റോഡിലെ അങ്ങാടി പാലത്തിനു അരികിൽ നിൽക്കുന്ന കൂറ്റൻ വാകമരമാണ് പൂത്തുലഞ്ഞ് നാട്ടുകാർക്കും യാത്രക്കാർക്കും വിരുന്നൊരുക്കുന്നത്. വേനൽച്ചൂടിൽ വെന്തുരുകുന്ന അങ്ങാടിക്ക് ഇളംകാറ്റും വർണ്ണപ്പൊലിമയും പകർന്ന് നിൽക്കുകയാണ് ഈ വാകമരം.
കാഴ്ചക്കാരുടെ മനം കവർന്ന് 'ഗുൽമോഹർ'
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മരത്തിലെ ഇലകൾ കൊഴിഞ്ഞ് ചില്ലകൾ പൂർണ്ണമായും ചുവന്ന പൂക്കളാൽ മൂടപ്പെട്ട നിലയിലാണ്. അങ്ങാടിയിലെ പേരാമ്പ്ര റോഡിൽ പാലത്തിനു അരികിൽ നിൽക്കുന്ന വാക മരം റോഡിൽ തണലും പൂക്കൾ വീണ് ചുവന്ന പരവതാനി വിരിച്ച പ്രതീതിയാണ്. പലരും മൊബൈൽ ഫോണുകളിൽ ഈ വസന്തത്തിന്റെ ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും ഇപ്പോൾ അങ്ങാടിയിലെ പതിവ് കാഴ്ചയാണ്.
ഓർമ്മകളുടെ തണൽ
വർഷങ്ങളായി അങ്ങാടിയുടെ വികസനത്തിനും മാറ്റങ്ങൾക്കും സാക്ഷ്യം വഹിച്ച ഈ മരം ഗ്രാമത്തിന്റെ ഒരു വികാരമായി മാറിയിട്ടുണ്ട്. വെയിലിൽ നിന്നും സംരക്ഷണം നൽകുന്ന തണൽ മരം എന്നതിലുപരി, പൂത്തുനിൽക്കുന്ന വാകമരം കൂരാച്ചുണ്ടിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നു. കൂരാച്ചുണ്ട് നിവാസികൾ ഈ പൂക്കാലത്തെ നെഞ്ചിലേറ്റുകയാണ്.
പൂക്കാലം അവസാനിക്കുന്നതോടെ വാകയുടെ ഇലകൾ തിരിച്ചുവരുമെങ്കിലും, കുറച്ചു ദിവസത്തേക്ക് കൂടി അങ്ങാടിയെ ഈ വർണ്ണക്കാഴ്ച പ്രഭാമയമാക്കും.

Comments
Post a Comment