ചരിത്രം മറന്ന ത്യാഗം; മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃക; നിപ്പയിലെ ആദ്യ രക്തസാക്ഷി;ആ 'വലിയ അമ്മ മനസ്സിന്' പ്രണാമം
പേരാമ്പ്ര: മലയാളിക്കൊരിക്കലും മറക്കാനാകാത്ത നിപ്പ ഭീതിയുടെ നാളുകളിൽ, രോഗബാധിതനെ പരിചരിക്കുന്നതിനിടയിൽ സ്വന്തം ജീവൻ ബലിനൽകേണ്ടി വന്ന വലിയൊരു മാതൃകയാണ് ജാനകിയമ്മ. ഇന്ന് അവരുടെ വേർപാടിന്റെ എട്ടാം ചരമദിനമാണ്. എന്നാൽ കേരളം ഒന്നടങ്കം ഏറ്റെടുത്ത നിപ്പ പ്രതിരോധത്തിന്റെ ചരിത്രതാളുകളിൽ എവിടെയോ ഈ അമ്മയുടെ ത്യാഗം വിസ്മരിക്കപ്പെട്ടു പോയോ എന്ന ചോദ്യമാണ് പ്രാദേശികമായി ഇന്നും ഉയരുന്നത്.
രോഗമെന്തെന്നോ അതിന്റെ വ്യാപ്തിയെന്തെന്നോ കൃത്യമായി തിരിച്ചറിയുന്നതിന് മുൻപ് തന്നെ, കോഴിക്കോട് പേരാമ്പ്രയിലെ സൂപ്പിക്കടയിൽ നിപ്പയുടെ ആദ്യ ഇരയായ യുവാവിനെ ഒട്ടും മടികൂടാതെ പരിചരിക്കാൻ മുന്നോട്ടുവന്നത് അയൽവാസിയായ ജാനകിയമ്മയായിരുന്നു. മാതൃതുല്യമായ ആ സ്നേഹവും കരുതലുമാണ് പിന്നീട് അവരിലേക്ക് മാരകമായ രോഗം പകരാൻ കാരണമായത്. ഉറ്റവർ പോലും ഭയന്നുമാറിനിന്ന ഒരു മഹാമാരിയുടെ തുടക്കകാലത്ത്, അപരനോടുള്ള കാരുണ്യവും സ്നേഹവും സ്വന്തം ജീവനേക്കാൾ വലുതാണെന്ന് അവർ തെളിയിക്കുകയായിരുന്നു.
അർഹിച്ച നീതി കിട്ടാതെ പോയ ത്യാഗം
കേരളത്തിന്റെ ആരോഗ്യരംഗവും ജനങ്ങളും ഒന്നടങ്കം നിപ്പയ്‌ക്കെതിരെ നടത്തിയ സമാനതകളില്ലാത്ത പോരാട്ട ചരിത്രത്തിൽ ജാനകിയുടെ പേര് എന്നും ധീരതയുടെയും സ്നേഹത്തിന്റെയും പ്രതീകമായി രേഖപ്പെടുത്തപ്പെടേണ്ടതായിരുന്നു. നിപ്പ പ്രതിരോധത്തിനിടയിൽ ജീവൻ വെടിഞ്ഞ നഴ്സ് ലിനി സിസ്റ്ററുടെ ത്യാഗത്തെ കേരളക്കര അർഹമായ രീതിയിൽ ആദരിക്കുകയും കുടുംബത്തെ ചേർത്തുപിടിക്കുകയും ചെയ്തപ്പോൾ, അതേ രോഗിയെ പരിചരിച്ച് മരിച്ച ജാനകിയമ്മയുടെ പേര് പലരും പ്രതിപാദിക്കാൻ പോലും തയ്യാറായില്ല. ഒരു നാടിന്റെ കാവലാളായി മാറിയ ഈ അമ്മയുടെ കുടുംബത്തിന് അർഹമായ നീതിയോ പരിഗണനയോ ലഭിച്ചില്ലെന്ന ആക്ഷേപം ശക്തമാണ്.
" തികച്ചും മാനുഷിക പരിഗണനയുടെ പേരിൽ മാത്രം ഒരു രോഗിയെ പരിചരിക്കാൻ മടി കാണിക്കാത്ത ജാനകിയമ്മയ്ക്ക് എന്തുകൊണ്ട് നീതി ലഭിച്ചില്ല?" - നാട്ടുകാർ ചോദിക്കുന്നു.
കേരളത്തിന്റെ അതിജീവന ചരിത്രത്തിലെ ആ വലിയ നോവിന്, മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായ ജാനകിയമ്മയ്ക്ക് എട്ടാം ചരമദിന വേളയിൽ ഒരു നാടിന്റെ പ്രണാമം

Comments
Post a Comment