മഞ്ചേരിയിലെ യുവാവിന്റെ 'തട്ടിക്കൊണ്ടുപോകൽ': നാടകീയ തിരിവ്; യുവാവ് സ്റ്റേഷനിൽ ഹാജരായി
മലപ്പുറം: മഞ്ചേരിയിൽ നിന്നും യുവാവിനെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയെന്ന കുടുംബത്തിന്റെ പരാതിയിൽ നാടകീയ തിരിവ്. തട്ടിക്കൊണ്ടുപോയെന്ന് കരുതപ്പെട്ടിരുന്ന മലപ്പുറം ചെങ്ങര സ്വദേശി മുഹമ്മദ് അൽഫയാദ് (23) മഞ്ചേരി പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി. തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും കൂട്ടുകാർക്കൊപ്പം കക്കാടംപൊയിലിൽ വിനോദയാത്ര പോയതാണെന്നുമാണ് അൽഫയാദ് പോലീസിന് നൽകിയ മൊഴി. ഇതോടെ മണിക്കൂറുകൾ നീണ്ട പോലീസിന്റെ ആശങ്കയ്ക്കും ഊർജിത അന്വേഷണത്തിനും താൽക്കാലികമായി വിരാമമായി.
ശനിയാഴ്ച രാത്രി 11.30-ഓടെ പൂക്കളത്തൂരിൽ വെച്ച് ഇന്നോവ കാറിലെത്തിയ സംഘം അൽഫയാദിനെ ബലമായി പിടിച്ചുകൊണ്ടുപോയെന്നായിരുന്നു കുടുംബത്തിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി പോലീസ് കേസെടുത്ത് വ്യാപകമായ അന്വേഷണം നടത്തിവരികയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം കൊഴുപ്പിക്കുന്നതിനിടയിലാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ യുവാവ് സ്റ്റേഷനിൽ സ്വയം എത്തിയത്.
യുവാവ് തട്ടിക്കൊണ്ടുപോകൽ നിഷേധിച്ചെങ്കിലും പോലീസ് ഈ മൊഴി പൂർണ്ണമായി വിശ്വസിച്ചിട്ടില്ല. സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുള്ള തർക്കങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കക്കാടംപൊയിലിൽ ആരുടെ കൂടെയാണ് പോയതെന്നോ, ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ആരൊക്കെയാണെന്നോ വ്യക്തമാക്കാൻ അൽഫയാദ് തയ്യാറായിട്ടില്ല.യുവാവിന്റെ ശരീരത്തിൽ മർദ്ദനമേറ്റതെന്ന് സംശയിക്കുന്ന തരത്തിലുള്ള പാടുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ച് ചോദിച്ചപ്പോഴും കൃത്യമായ മറുപടി നൽകാൻ യുവാവ് വിസമ്മതിച്ചു. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ ഭീഷണിക്കു വഴങ്ങിയാണോ യുവാവ് പരാതിയില്ലെന്ന് പറയുന്നതെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
അൽഫയാദിൽ നിന്ന് വിശദമായ വിവരങ്ങൾ ശേഖരിച്ച ശേഷം പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി. മജിസ്‌ട്രേറ്റിന് മുന്നിലും പരാതിയില്ലെന്ന് ആവർത്തിച്ചതിനെ തുടർന്ന് യുവാവിനെ വിട്ടയച്ചു.
അതേസമയം, അൽഫയാദിനെതിരെ മറ്റ് ചില പോലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ഇവ ഏതൊക്കെയാണെന്നും, നിലവിലെ സംഭവവുമായി ഈ കേസുകൾക്ക് വല്ല ബന്ധവുമുണ്ടോ എന്നും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. തട്ടിക്കൊണ്ടുപോകൽ നാടകത്തിന് പിന്നിലെ യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരാൻ മഞ്ചേരി പോലീസ് അന്വേഷണം തുടരും.

Comments
Post a Comment