മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിൽ ഇ.ഡി റെയ്‌ഡ്
കണ്ണൂർ :കേരള രാഷ്ട്രീയത്തെ ഉലുക്കിക്കൊണ്ട് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കൂട്ടപ്പരിശോധന നടത്തുന്നു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിലും കണ്ണൂർ പിണറായിലെ സ്വന്തം വീടുകളിലും ഒരേസമയമാണ് കേന്ദ്ര ഏജൻസി റെയ്‌ഡ് ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഐ.ടി കമ്പനിയായ എക്സാലോജിക്കുമായി ബന്ധപ്പെട്ട സി.എം.ആർ.എൽ (CMRL) കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇ.ഡിയുടെ നിർണ്ണായക നീക്കം. റെയ്‌ഡിനെത്തുടർന്ന് ഇരു കേന്ദ്രങ്ങളിലും കനത്ത പോലീസ്-കേന്ദ്രസേന സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഹൈക്കോടതി വിധിക്ക് തൊട്ടുപിന്നാലെ അപ്രതീക്ഷിത നടപടി
ഇ.ഡി അന്വേഷണത്തെയും സമൻസിനെയും ചോദ്യം ചെയ്ത് കരിമണൽ കമ്പനിയായ സി.എം.ആർ.എൽ സമർപ്പിച്ച ഹർജി കഴിഞ്ഞദിവസം കേരള ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണവുമായി ഇ.ഡിക്ക് മുന്നോട്ടുപോകാമെന്നും മുൻകൂട്ടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ തന്നെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) ഇ.ഡിക്ക് സമൻസ് അയക്കാൻ അധികാരമുണ്ടെന്നും ജസ്റ്റിസ് ടി.ആർ രവി വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് നാടകീയ നീക്കങ്ങൾ ഉണ്ടായത്.
സംസ്ഥാനത്താകെ പത്തോളം കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്‌ഡ് പുരോഗമിക്കുന്നത്. കൊച്ചിയിലെയും തിരുവനന്തപുരത്തെയും മുതിർന്ന ഇ.ഡി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന.
എന്താണ് കേസ്?
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) എന്ന സ്വകാര്യ കമ്പനിയിൽ നിന്നും പിണറായി വിജയന്റെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് യാതൊരു സേവനവും നൽകാതെ 1.72 കോടി രൂപ നിയമവിരുദ്ധമായി കൈമാറി എന്നാണ് കേസ്. 2017 മുതൽ 2020 വരെയുള്ള കാലയളവിൽ നടന്ന ഈ സാമ്പത്തിക ഇടപാടുകളിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന സംശയത്തിലാണ് ഇ.ഡി അന്വേഷണം ഊർജ്ജിതമാക്കിയത്. ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകളെ തുടർന്നാണ് 2024-ൽ ഇ.ഡി കേസ് രജിസ്റ്റർ ചെയ്തത്.
വീട്ടുപരിസരങ്ങളിൽ നാടകീയ രംഗങ്ങൾ; പ്രവർത്തകർ തടിച്ചുകൂടുന്നു
ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഇ.ഡി സംഘം പരിശോധനയ്ക്കായി ബേക്കറി ജംഗ്ഷനിലെയും കണ്ണൂരിലെയും വീടുകളിലേക്ക് എത്തിയത്. റെയ്‌ഡ് വാർത്ത കാട്ടുതീ പോലെ പടർന്നതോടെ പിണറായി വിജയന്റെ വീടുകൾക്ക് മുന്നിലേക്ക് വലിയ തോതിൽ പാർട്ടി പ്രവർത്തകർ തടിച്ചുകൂടുകയാണ്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരത്തും കണ്ണൂരിലും വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്രസേനയുടെ സുരക്ഷാ അകമ്പടിയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്.
പരിശോധന ഇപ്പോഴും തുടരുകയാണ്. ഡിജിറ്റൽ തെളിവുകളും സാമ്പത്തിക ഇടപാട് രേഖകളും ഡയറികളും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്നാണ് ലഭിക്കുന്ന സൂചനകൾ. വരും മണിക്കൂറുകളിൽ കൂടുതൽ പ്രമുഖരിലേക്ക് അന്വേഷണം നീണ്ടേക്കുമെന്ന സൂചനയുള്ളതിനാൽ വരുംദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ വലിയ ചേരിതിരിവുകൾക്കും രാഷ്ട്രീയ പോരാട്ടങ്ങൾക്കും ഈ റെയ്‌ഡ് വഴിവെക്കുമെന്നുറപ്പാണ്.

Comments
Post a Comment