വ്യാജരേഖയുണ്ടാക്കി അവയവക്കച്ചവടം: വൻ സംഘം പിടിയിൽ
കൊച്ചി: ജനപ്രതിനിധികളുടെയും ഡോക്ടർമാരുടെയും വ്യാജ സീലുകളും ലെറ്റർപാഡുകളും നിർമ്മിച്ച് അനധികൃത അവയവക്കടത്തിന് കളമൊരുക്കുന്ന സംഘത്തെ റൂറൽ പോലീസ് പിടികൂടി. എറണാകുളം റൂറൽ ജില്ലയിൽ നിന്ന് മൂന്നുപേരും കൊല്ലത്ത് നിന്ന് രണ്ടുപേരുമാണ് അറസ്റ്റിലായത്. കുന്നത്തുനാട് സ്വദേശികളായ സണ്ണി വർഗീസ് (56), ഭാര്യ സിനി വർഗീസ് (50), ചേലക്കുളം സ്വദേശി സനോജ് (32) എന്നിവരാണ് ജില്ലയിൽ പിടിയിലായവർ. കൊല്ലം കിളിക്കല്ലൂർ സ്വദേശികളായ ശ്രീജ, സുധീർ എന്നിവരെ അവിടെനിന്നും പിടികൂടി.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആറ് പ്രത്യേക സംഘങ്ങളായി തിരിഞ്ഞായിരുന്നു പോലീസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ, ആലുവ, പുത്തൻകുരിശ്, മുനമ്പം എന്നീ മേഖലകളിൽ ഒരേസമയമാണ് റെയ്ഡ് നടന്നത്. പള്ളിക്കരയിലുള്ള 'കമ്മ്യൂണിക്കേഷൻ' എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ എം.എൽ.എമാരുടെയും പ്രമുഖ ആശുപത്രികളിലെ ഡോക്ടർമാരുടെയും പേരിൽ തയ്യാറാക്കിയ വ്യാജ ലെറ്റർപാഡുകളും സീലുകളും കണ്ടെത്തി.
പ്രതിയായ സനോജിന്റെ ഉടമസ്ഥതയിലുള്ള ഡിജിറ്റൽ സ്റ്റുഡിയോയിൽ നിന്നും വടക്കേക്കരയിലെ വീട്ടിൽ നിന്നും നിർണ്ണായകമായ രേഖകൾ പോലീസ് പിടിച്ചെടുത്തു. അവയവദാനത്തിന് നിയമപരമായ തടസ്സങ്ങൾ മറികടക്കാൻ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ (PCC) വരെ ഇവർ വ്യാജമായി നിർമ്മിച്ചിരുന്നു. ഇതിനായി ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.
സംസ്ഥാനത്തെ പ്രമുഖ ആശുപത്രികൾ കേന്ദ്രീകരിച്ച് വലിയൊരു മാഫിയ തന്നെ ഈ സംഘത്തിന് പിന്നിലുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി അവയവദാനത്തിന് പ്രേരിപ്പിക്കുകയും വ്യാജരേഖകൾ ഉപയോഗിച്ച് നിയമപരമായ നൂലാമാലകൾ ഒഴിവാക്കി കച്ചവടം ഉറപ്പിക്കുകയുമായിരുന്നു ഇവരുടെ രീതി. കേസിലെ മറ്റ് പ്രധാന കണ്ണികളെയും ഇടനിലക്കാരെയും കണ്ടെത്താൻ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്

Comments
Post a Comment