കറിയിൽ മുറിവിൽ കെട്ടുന്ന ബാൻഡേജ്; കോഴിക്കോട്ടെ റസ്റ്റോറന്റ് കോർപ്പറേഷൻ ആരോഗ്യവിഭാഗം പൂട്ടിപ്പിച്ചു
കോഴിക്കോട്: നഗരത്തിലെ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ നിന്നും വാങ്ങിയ കറിയിൽ മുറിവിൽ കെട്ടുന്ന ബാൻഡേജ് (Bandage) കണ്ടെത്തി. കോഴിക്കോട് അരയിടത്ത് പാലം ബേബി മെമ്മോറിയൽ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന 'എം.എം റസ്റ്റോറന്റി'ൽ നിന്നാണ് ഉപഭോക്താവിന് ഈ ദുരനുഭവമുണ്ടായത്. സംഭവത്തെ തുടർന്ന് കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ഹോട്ടൽ അടിയന്തിരമായി പൂട്ടിപ്പൂക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു പൊതുജനാരോഗ്യത്തെ വെല്ലുവിളിക്കുന്ന ഈ സംഭവം നടന്നത്.
കറിയിൽ ബാൻഡേജ്; നടുങ്ങി ഉപഭോക്താവ്
ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിന് കൂട്ടിരിക്കാനായെത്തിയ യുവാവിനാണ് ഭക്ഷണത്തിൽ നിന്നും ബാൻഡേജ് ലഭിച്ചത്. ആശുപത്രിക്ക് സമീപത്തെ എം.എം റസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിക്കുന്നതിനിടയിൽ, ഓർഡർ ചെയ്ത കറിയിൽ നിന്നും ഉപയോഗിച്ച നിലയിലുള്ള ബാൻഡേജ് കണ്ടെത്തുകയായിരുന്നു. ഇതോടെ യുവാവ് ഹോട്ടൽ അധികൃതരെ വിവരമറിയിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. തുടർന്നാണ് വിവരം കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ അറിയിച്ചത്.
ഉദ്യോഗസ്ഥർ പാഞ്ഞെത്തി; സ്ഥാപനം പൂട്ടിപ്പിച്ചു
ഭക്ഷണത്തിൽ നിന്നും ബാൻഡേജ് കണ്ടെത്തിയെന്ന പരാതി ലഭിച്ച ഉടൻ തന്നെ കോർപ്പറേഷൻ ക്ലീൻ സിറ്റി മാനേജർ ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള ആരോഗ്യവിഭാഗം സ്ക്വാഡ് റസ്റ്റോറന്റിൽ മിന്നൽ പരിശോധന നടത്തി. അടുക്കളയിലടക്കം നടത്തിയ പരിശോധനയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിന്റെ പ്രവർത്തനം അടിയന്തിരമായി നിർത്തിവെക്കാൻ ഉദ്യോഗസ്ഥർ ഉത്തരവിടുകയായിരുന്നു.
തുടർനടപടികളുടെ ഭാഗമായി ഹോട്ടലിന് കോർപ്പറേഷൻ നോട്ടീസ് കൈമാറിയിട്ടുണ്ട്. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഇ.പി. ഷൈലേഷ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എ. ശ്രീജിത്ത്, കെ. സതീഷ് ബാബു എന്നിവരും പരിശോധന നടത്തിയ കോർപ്പറേഷൻ സംഘത്തിൽ ഉണ്ടായിരുന്നു. നഗരത്തിലെ ഹോട്ടലുകളിൽ ശുചിത്വ പരിശോധന വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു.

Comments
Post a Comment