ഭാര്യയുടെ വണ്ണം 'അപമാനമായി'; യുവതിയെ വിഷം നൽകി കൊലപ്പെടുത്തി ഭർത്താവ്
ഹൈദരാബാദ്: ഭാര്യയ്ക്ക് ഭംഗി പോരെന്നാരോപിച്ച് യുവതിയെ ഭർത്താവ് വിഷം നൽകി കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലാണ് ക്രൂരമായ ഈ സംഭവം അരങ്ങേറിയത്. സോഫ്റ്റ്‌വെയർ എൻജിനീയറായ കിരൺ ആണ് തന്റെ ഭാര്യ പത്മജയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. വിവാഹശേഷം ഭാര്യയുടെ ഭാരം വർദ്ധിച്ചതും സൗന്ദര്യം കുറഞ്ഞതും തനിക്ക് അപമാനമാണെന്ന് കരുതിയാണ് പ്രതി ഈ കൊടുംക്രൂരത ചെയ്തതെന്ന് പോലീസ് പറഞ്ഞു.
വിവാഹത്തിന് ശേഷം ശരീരഭാരം വർദ്ധിച്ച പത്മജ, ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി വണ്ണം കുറയ്ക്കാൻ പല മാർഗ്ഗങ്ങളും പരീക്ഷിച്ചിരുന്നു. എന്നാൽ ഇവയൊന്നും ഫലം കാണാതിരുന്നതോടെ പത്മജയെ ഒഴിവാക്കാൻ കിരൺ തീരുമാനിക്കുകയായിരുന്നു.
കൊലപാതകം നടത്തുന്ന സമയത്ത് കിരൺ തന്റെ ഭാര്യവീട്ടിൽ പത്മജയ്ക്കും മകൾക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. പത്മജയെ കൊലപ്പെടുത്തിയ ശേഷം അവളുടെ പേരിലുള്ള സ്വത്തുക്കൾ മുഴുവൻ സ്വന്തമാക്കുക എന്നതായിരുന്നു ഇയാളുടെ ലക്ഷ്യം. ഭാര്യയെ ഒപ്പം കൂട്ടി നടക്കാൻ തനിക്ക് അപമാനമാണെന്ന വിചിത്രമായ വാദമാണ് ഇയാൾ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.
മരണത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ശാസ്ത്രീയമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് വിഷം എത്തിച്ചു നൽകിയവരെ കണ്ടെത്താനും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
പത്മജയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Comments
Post a Comment