കാർഷിക രംഗത്ത് 'സ്മാർട്ട്' വിപ്ലവം; കൂരാച്ചുണ്ടിന്റെ യുവ എൻജിനീയർ അഭിനവ് ബാവോസിനെ ആദരിച്ച് ടി. സിദ്ധീഖ് എം.എൽ.എ

 


കൂരാച്ചുണ്ട്: സാങ്കേതിക വിദ്യയെ സാധാരണക്കാരായ കർഷകർക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ വളർത്തിയെടുത്ത് ശ്രദ്ധേയനാവുകയാണ് കൂരാച്ചുണ്ട് സ്വദേശിയായ യുവ എൻജിനീയർ അഭിനവ് ബാവോസ്. കാർഷിക മേഖലയിൽ നൂതനമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് അഭിനവും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച 'അഗ്രോ ടീൻ ലാബ്‌സ്' വികസിപ്പിച്ചെടുത്ത കണ്ടുപിടുത്തങ്ങൾ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച നേട്ടം കൈവരിച്ച അഭിനവിനെ യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

സ്മാർട്ട് കൃഷിയിടങ്ങളിലേക്ക് അഗ്രോ സെൻസ്

നിയന്ത്രിത സാഹചര്യങ്ങളിൽ (പാലീഹൗസ്, ഗ്രീൻഹൗസ്) കൃഷി ചെയ്യുന്നവർക്കായി കൃഷിയിടത്തിലെ താപനിലയും ഈർപ്പവും മറ്റും ലോകത്തിന്റെ ഏത് കോണിലിരുന്നും നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള സാങ്കേതികവിദ്യയാണ് അഗ്രോ ടീൻ ലാബ്‌സ് പ്രധാനമായും വികസിപ്പിച്ചത്. 'അഗ്രസെൻസ്' എന്ന ഉപകരണം വഴി ശേഖരിക്കുന്ന വിവരങ്ങൾ 'അഗ്രട്രാക്' എന്ന വെബ് പ്ലാറ്റ്‌ഫോമിലൂടെ കർഷകർക്ക് നേരിട്ട് കാണാൻ സാധിക്കും.

​കൂടാതെ നെൽപ്പാടങ്ങളിലും മത്സ്യക്കുളങ്ങളിലും പമ്പിങ് സംവിധാനം ഓട്ടോമാറ്റിക് ആയി പ്രവർത്തിപ്പിക്കാനുള്ള സാങ്കേതിക വിദ്യയും ഇവർ വികസിപ്പിച്ചിട്ടുണ്ട്. സാധാരണക്കാരായ കർഷകർക്ക് താങ്ങാവുന്ന കുറഞ്ഞ ചിലവിൽ പമ്പിങ് സംവിധാനം പൂർണ്ണമായും സ്വയം നിയന്ത്രിതമാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.

​2022-ൽ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ സഹപാഠികളായ മാത്യു ജയ്‌സ്, അലോഷ് ജോണി, ക്രിസ്റ്റിൻ ജോസ് കുരുവിള, പ്രവീൺ അലോഷ്യസ്, കെ.കെ. ഒനേസിമോസ്, റിതിക് ജിജി എന്നിവരാണ് അഭിനവിന്റെ ടീമിലുള്ളത്.

യൂത്ത് കോൺഗ്രസ് ആദരം

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി. സിദ്ധീഖ് എം.എൽ.എ അഭിനവിനെ ഷാൾ അണിയിച്ച് ആദരിക്കുകയും അനുമോദന പ്രസംഗം നടത്തുകയും ചെയ്തു. യുവതലമുറ ഇത്തരത്തിൽ കാർഷിക മേഖലയെ ശാക്തീകരിക്കാൻ മുന്നോട്ട് വരുന്നത് മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

​യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.എസ്.യു ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് സുബിൻ കൊച്ചുവീട്ടിൽ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ കുര്യാക്കോസ്, ബെസ്‌ലിൻ മഠത്തിനാൽ, കെ.എസ്.യു കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് ഷാരോൺ ചാലിക്കോട്ടയിൽ, ജാക്സ് കരിമ്പനക്കുഴി, രാഹുൽ രാഘവൻ, ജ്യോതിഷ് രാരപ്പൻകണ്ടി, ലിബിൻ പാവത്തികുന്നേൽ, അനീഷ് മറ്റത്തിൽ തുടങ്ങിയവർ സംസാരിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി