ജീവിതവഴികളിലെ ‘ഒപ്പം; കല്ലാനോട് സാംസ്കാരിക നിലയത്തിൽ പുസ്തക ചർച്ച; വി. ടി സൂരജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു
കല്ലാനോട്: വായനയും പുസ്തക ചർച്ചകളും സമൂഹത്തിന് പുതിയ ദിശാബോധം നൽകുമെന്നും, മനുഷ്യബന്ധങ്ങളെ കൂടുതൽ ദൃഢമാക്കാൻ ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്നും വി. ടി സൂരജ് എം.എൽ.എ. കല്ലാനോട് സാംസ്കാരിക നിലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുസ്തക ചർച്ചാ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂരാച്ചുണ്ടിലെ പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ സജി എം. നരിക്കുഴിയും ഭാര്യയും കോളേജ് അധ്യാപികയുമായ ജിജി ജോർജും ചേർന്ന് രചിച്ച 'ഒപ്പം' എന്ന പുസ്തകത്തെക്കുറിച്ചാണ് സാംസ്കാരിക നിലയത്തിൽ ഗൗരവമേറിയ ചർച്ച സംഘടിപ്പിച്ചത്. ജീവിതാനുഭവങ്ങളെയും പ്രചോദനാത്മകമായ ചിന്തകളെയും പങ്കുവെക്കുന്നതാണ് ഈ പുസ്തകം. സാംസ്കാരിക നിലയം പ്രസിഡന്റ് ഷാജു ചോരപ്പുള്ളിയിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് പള്ളി വികാരി ഫാ. ജെയ്സൺ കാരക്കുന്നേൽ അനുഗ്രഹപ്രഭാഷണം നടത്തി.
പുസ്തക പരിചയവും സാംസ്കാരിക ചർച്ചയും
പ്രമുഖ അഭിഭാഷകൻ അഡ്വ. പി. ജെ ആന്റണി പള്ളിക്കാവയലിൽ ചടങ്ങിൽ 'ഒപ്പം' എന്ന പുസ്തകം സദസ്സിന് പരിചയപ്പെടുത്തി സംസാരിച്ചു. സമകാലിക സമൂഹത്തിൽ പുസ്തകം മുന്നോട്ടുവെക്കുന്ന പ്രസക്തിയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.
വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുമോൾ തോമസ് കളപ്പുരക്കൽ, ബ്ലോക്ക് മെമ്പർ അരുൺ ജോസ്, ഒമ്പതാം വാർഡ് മെമ്പർ സണ്ണി ജോസഫ് കാനാട്ട്, സഹകരണ ബാങ്ക് പ്രസിഡന്റ് ജോൺസൺ എട്ടിയിൽ, വൈസ് പ്രസിഡന്റ് അനു വർഗീസ്, സെക്രട്ടറി അമൽ ജോസഫ് എന്നിവർ ചർച്ചയ്ക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
നേതൃത്വം നൽകി സാംസ്കാരിക പ്രവർത്തകർ
കല്ലാനോട് പ്രദേശത്തെ സാംസ്കാരിക വായനാ ലോകത്തിന് പുതിയ ഉണർവ്വേകിയ പരിപാടിയുടെ വിജയത്തിനായി വിപുലമായ കമ്മിറ്റിയാണ് പ്രവർത്തിച്ചത്. സാംസ്കാരിക നിലയം ഭരണസമിതി അംഗങ്ങളായ ജോൺസൺ മാളിയേക്കൽ, ജോസ് വട്ടുകുളം, സണ്ണി തുണ്ടിയിൽ, ഗോപി ആലക്കൽ, ഷിബു കുഴിവേലിൽ, ഹരി പറയൻകണ്ടത്തിൽ, പ്രിൻസ് കളമ്പൻകുഴി, ബിജു താന്നിക്കൽ എന്നിവർ പരിപാടികൾക്ക് മിലവട്ടത്തിൽ നേതൃത്വം നൽകി. പ്രദേശത്തെ നിരവധി വായനക്കാരും സാംസ്കാരിക പ്രവർത്തകരും ചർച്ചയിൽ സജീവമായി പങ്കെടുത്തു.

Comments
Post a Comment