വനത്തിനുള്ളിൽ അസ്ഥികൂടം; തലയോട്ടി മരത്തിൽ, ശരീരഭാഗങ്ങൾ താഴെ ചിതറിയ നിലയിൽ!

 


കുളത്തുപ്പുഴ: വനമേഖലയ്ക്കുള്ളിൽ വീണ്ടും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയതിന്റെ ഞെട്ടലിൽ നാട്. കുളത്തുപ്പുഴ വനം റേഞ്ചിൽപെട്ട ആമക്കുളം പെരുമ്പടപ്പുപച്ച വനത്തിനുള്ളിലാണ് ഏതാണ്ട് 60 വയസ്സ് തോന്നിക്കുന്ന പുരുഷന്റേതെന്ന് കരുതുന്ന അസ്ഥികൂടം കണ്ടെത്തിയത്. മരത്തിൽ തൂങ്ങിയ നിലയിൽ തലയോട്ടിയും, മരത്തിന് താഴെ ചിതറിക്കിടക്കുന്ന നിലയിൽ ഉടലിന്റെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്.

​വനം വകുപ്പ് ജീവനക്കാർ വനത്തിനുള്ളിൽ പതിവ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. കാടിനുള്ളിലെ ഒരു പ്രത്യേക ഭാഗത്ത് ഈച്ചകൾ കൂട്ടമായി പറക്കുന്നത് കണ്ട് സംശയം തോന്നി ഉദ്യോഗസ്ഥർ അടുത്തുചെന്ന് പരിശോധിക്കുകയായിരുന്നു. ഈ സമയത്താണ് മരത്തിൽ തൂങ്ങിക്കിടക്കുന്ന തലയോട്ടിയും താഴെ അവശിഷ്ടങ്ങളും കണ്ടത്.

തൂങ്ങിമരണമെന്ന് സംശയം; അവശിഷ്ടങ്ങൾ മൃഗങ്ങൾ വലിച്ചിഴച്ചു

​വ്യക്തി മരത്തിൽ തൂങ്ങിമരിച്ചതാകാമെന്നാണ് പോലീസിന്റെയും വനംവകുപ്പിന്റെയും പ്രാഥമിക നിഗമനം. മൃതദേഹം പൂർണ്ണമായി അഴുകിയതിനെ തുടർന്ന് തലയോട്ടി ഒഴികെയുള്ള ഭാഗങ്ങൾ മരത്തിന്റെ ചുവട്ടിലേക്ക് അടർന്നുവീഴുകയായിരുന്നു എന്ന് കരുതുന്നു. താഴെ വീണ ശരീരഭാഗങ്ങൾ പിന്നീട് കാട്ടുലൃഗങ്ങൾ കടിച്ചുകീറി വലിച്ച് തൊട്ടടുത്തുള്ള മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടിട്ടതാകാമെന്നും സംശയിക്കുന്നുണ്ട്. കണ്ടെത്തിയ അസ്ഥികൂടത്തിന് ഏതാണ്ട് ആറുമാസത്തോളം പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ.

പോലീസും ഫോറൻസിക്കും സ്ഥലത്തെത്തി

​വിവരമറിഞ്ഞ് കുളത്തുപ്പുഴ പോലീസും ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് കുതിച്ചെത്തി വിശദമായ പരിശോധനകൾ നടത്തി. വിരലടയാള വിദഗ്ധരും സയന്റിഫിക് ഓഫീസർമാരും സ്ഥലത്തുനിന്ന് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

​ആറുമാസം മുമ്പ് പ്രദേശത്തുനിന്നും കാണാതായ ആളുകളുടേതുൾപ്പെടെയുള്ള വിവരങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. കാണാതായ ആരെയെങ്കിലും പറ്റി വ്യക്തമായ സൂചന ലഭിച്ചാൽ ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കുമെന്ന് പോലീസ് അറിയിച്ചു. വനത്തിനുള്ളിൽ തുടർച്ചയായി ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് പ്രദേശവാസികളിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി