രാത്രി വന്നത് മോഷ്ടിക്കാൻ, നേരം വെളുത്തത് കിണറ്റിൽ! കൊയിലാണ്ടിയിൽ കള്ളന് പറ്റിയ അമളി
കൊയിലാണ്ടി: മോഷണശ്രമത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് കിണറ്റിൽ വീണു. നന്തിബസാർ ടൗണിലെ നിസാർ മൻസിലിൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ കിണറ്റിലാണ് യുവാവ് വീണത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.
രാവിലെ വെള്ളം കോരാനായി കിണറിനടുത്തെത്തിയ കുഞ്ഞബ്ദുള്ളയുടെ ഭാര്യയാണ് കിണറ്റിനുള്ളിൽ ആളെ കണ്ടത്. കിണറിന്റെ ഗ്രില്ല് അല്പം തെന്നിമാറിയ നിലയിലായിരുന്നു. ഇത് ശരിയാക്കിയ ശേഷം ഉള്ളിലേക്ക് നോക്കിയപ്പോൾ എന്തോ വീണതായി ശ്രദ്ധയിൽപ്പെട്ടു. ആദ്യം തേങ്ങയാണെന്ന് കരുതിയെങ്കിലും താഴെനിന്നും ഒരാൾ മുകളിലേക്ക് നോക്കുന്നത് കണ്ടതോടെ വീട്ടമ്മ ഭയന്ന് നിലവിളിക്കുകയായിരുന്നു.
നിലവിളി കേട്ട് ഓടിയെത്തിയ കുഞ്ഞബ്ദുള്ളയും മകനും ഉടൻ തന്നെ കൊയിലാണ്ടി പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ഏകദേശം 24 അടിയോളം ആഴമുള്ള കിണറായിരുന്നു ഇത്. രാത്രിയിൽ കിണറിന്റെ ഗ്രില്ല് നീക്കി കുളിമുറി വഴി വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി ഫയർഫോഴ്സ് സംഘം വല ഉപയോഗിച്ചാണ് യുവാവിനെ പുറത്തെടുത്തത്. തുടർന്ന് ഫയർഫോഴ്സ് ആംബുലൻസിൽ ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Comments
Post a Comment