പത്തുലക്ഷം കൊടുത്ത് ചോദ്യപേപ്പർ വാങ്ങി; പരീക്ഷ എഴുതിയപ്പോൾ മകന് കിട്ടിയത് 720 ൽ 107 മാർക്ക്!
ന്യൂഡൽഹി/ജയ്പൂർ: രാജ്യത്തെ ഞെട്ടിച്ച നീറ്റ്-യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചാക്കേസിൽ അന്വേഷണം ഊർജ്ജിതമാക്കി സിബിഐ. കേസിന്റെ വിപുലമായ അന്വേഷണത്തിന്റെ ഭാഗമായി രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ നിന്ന് ഒരു കുടുംബത്തിലെ മൂന്ന് പേരെ സിബിഐ സംഘം അറസ്റ്റ് ചെയ്തു. യഥാർത്ഥ ചോദ്യപേപ്പറിനോട് അങ്ങേയറ്റം സാമ്യമുള്ള 'ഗസ് പേപ്പർ' സംഘടിപ്പിച്ച് പ്രമുഖ കോച്ചിംഗ് സെന്ററുകൾ വഴി വിതരണം ചെയ്ത ദിനേഷ് ബിവാൽ, ഇയാളുടെ സഹോദരൻ മംഗിലാൽ ബിവാൽ, മംഗിലാലിന്റെ മൂത്ത മകൻ വികാസ് എന്നിവരാണ് പിടിയിലായത്.
സിക്കാറിലെ ഒരു ആഡംബര ഫ്ലാറ്റ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ തട്ടിപ്പ് പ്രവർത്തനങ്ങൾ നടന്നിരുന്നത്. ചോദ്യപേപ്പർ വിവിധയിടങ്ങളിൽ വിതരണം ചെയ്യുന്നതിനും ഉദ്യോഗാർത്ഥികളെ ഏകോപിപ്പിക്കുന്നതിനുമായി ഈ ഫ്ലാറ്റാണ് ഇവർ താവളമാക്കിയത്. പരീക്ഷയ്ക്ക് മുൻപ് തന്നെ ഈ ചോർന്ന ചോദ്യപേപ്പർ ലഭിച്ചതായി കരുതുന്ന, മുഖ്യപ്രതി ദിനേഷ് ബിവാലിന്റെ മകൻ ഋഷി ബിവാലിനായി സിബിഐ ഇപ്പോൾ തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
പത്ത് ലക്ഷം നൽകി ചോദ്യപേപ്പർ വാങ്ങി; ഫലം ദയനീയം!
തന്റെ മകന് മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഉയർന്ന വിജയം നേടിക്കൊടുക്കുന്നതിനായി പത്ത് ലക്ഷത്തോളം രൂപ നൽകിയാണ് താൻ ചോദ്യപേപ്പർ സംഘടിപ്പിച്ചതെന്ന് ദിനേഷ് സിബിഐ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. എന്നാൽ പരീക്ഷയ്ക്ക് മുൻപേ യഥാർത്ഥ ചോദ്യപേപ്പറുമായി അത്രമേൽ സാമ്യമുള്ള ചോദ്യങ്ങൾ കൈയിൽ കിട്ടിയിട്ടും 720 മാർക്കിന്റെ പരീക്ഷയിൽ വെറും 107 മാർക്ക് മാത്രമാണ് ഋഷി ബിവാലിന് നേടാനായത് എന്നത് അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും അത്ഭുതപ്പെടുത്തി.
മുൻകാല പരീക്ഷകളിലും അത്യന്തം മോശം പ്രകടനമാണ് ഈ വിദ്യാർത്ഥി കാഴ്ചവെച്ചിട്ടുള്ളത് എന്ന് സിബിഐ അന്വേഷണത്തിൽ വ്യക്തമായി. രാജസ്ഥാൻ ബോർഡിന്റെ പത്താം ക്ലാസ് പരീക്ഷയിൽ വെറും 44 ശതമാനം മാർക്ക് മാത്രം നേടിയ ഋഷി, ഇക്കഴിഞ്ഞ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്കിന്റെ സഹായത്തോടെയാണ് കഷ്ടിച്ച് രണ്ടാം ക്ലാസ്സോടെ ജയിച്ചുകയറിയത്. ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ പ്രധാന ശാസ്ത്ര വിഷയങ്ങളിലെ തിയറി പരീക്ഷകളിൽ വളരെ കുറഞ്ഞ മാർക്ക് മാത്രമുണ്ടായിട്ടും, കുറുക്കുവഴിയിലൂടെ ഡോക്ടറാക്കാൻ ഈ വിദ്യാർത്ഥിയെ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് ഇരുത്താൻ കുടുംബം നിർബന്ധിക്കുകയായിരുന്നു.
വലയിലാകുന്നത് വൻ മാഫിയ; 150 ഓളം വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ
ഈ തട്ടിപ്പ് ശൃംഖലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന വൻ മാഫിയാ സംഘത്തിന്റെ കൂടുതൽ വിവരങ്ങൾ സിബിഐ ശേഖരിച്ചു വരികയാണ്. ചോദ്യപേപ്പർ ചോർത്തി നൽകിയ അന്തർസംസ്ഥാന സംഘത്തിൽ കുറിയർമാരായി പ്രവർത്തിച്ചുകൊണ്ട്, ഉദ്യോഗാർത്ഥികൾക്ക് നേരിട്ട് ചോദ്യപേപ്പർ എത്തിച്ചു നൽകിയതിൽ ദിനേഷിനും കുടുംബത്തിനും വലിയ പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
ഈ ചോർച്ചാ ശൃംഖലയുമായി പണമിടപാടുകൾ നടത്തുകയും ചോദ്യപേപ്പർ കൈപ്പറ്റുകയും ചെയ്തതായി സംശയിക്കുന്ന നൂറ്റമ്പതോളം വിദ്യാർത്ഥികൾ ഇപ്പോൾ സിബിഐയുടെ കർശന നിരീക്ഷണത്തിലാണ്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വലിയൊരു മാഫിയാ തലവന്മാരെത്തന്നെ വരും ദിവസങ്ങളിൽ സിബിഐ പുറത്തുകൊണ്ടുവരുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

Comments
Post a Comment