നവകേരളയിലെ ‘രക്ഷാപ്രവർത്തനം’ വിനയായി; പിണറായിയുടെ ഗൺമാൻ ഉൾപ്പെടെ 5 പൊലീസുകാർക്ക് സസ്പെൻഷൻ
ആലപ്പുഴ: കഴിഞ്ഞ സർക്കാരിന്റെ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ കൂട്ടനടപടി. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥരായ സന്ദീപ്, വിപിൻ, ഷെജു, അരുൺ എന്നിവർക്കെതിരെയാണ് സർക്കാർ നടപടി സ്വീകരിച്ചത്.
സംഭവത്തിൽ പൊലീസുകാർക്കെതിരെ ശക്തമായ വകുപ്പുതല നടപടി വേണമെന്ന് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) ശിപാർശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറങ്ങിയത്. പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്താനും തീരുമാനമായിട്ടുണ്ട്.
കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു; ഗുരുതര ചട്ടലംഘനം
ഗൺമാൻ അനിൽകുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർക്ക് പുറമേ ഷൈജു, അരുൺ, വിപിൻ എന്നീ പൊലീസ് ഉദ്യോഗസ്ഥരെയും പ്രതിപട്ടികയിൽ ചേർത്താണ് എസ്.ഐ.ടി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. നിലവിൽ കൃത്യമായ വകുപ്പുകൾ രേഖപ്പെടുത്താതെയാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. പൊലീസുകാരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ ചട്ടലംഘനമാണെന്ന് എസ്.ഐ.ടി കോടതിയെ ബോധിപ്പിച്ചു. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ കൃത്യമായി പരിശോധിച്ച ശേഷമാണ് അന്വേഷണസംഘം റിപ്പോർട്ട് തയ്യാറാക്കിയത്. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം പ്രതികൾക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തുമെന്നും അന്വേഷണസംഘം വ്യക്തമാക്കി.
മുൻകൂർ ജാമ്യാപേക്ഷയുമായി പ്രതികൾ
അതിനിടെ, നടപടി നേരിട്ട ഗൺമാൻ ഉൾപ്പെടെയുള്ള പൊലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷയിലെ വിവരങ്ങൾ പുറത്തുവന്നു. തങ്ങൾക്കെതിരെയുള്ള കേസിന് പിന്നിൽ രാഷ്ട്രീയ-വ്യക്തി വിരോധമാണെന്നാണ് പ്രതികളുടെ വാദം. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതെന്നും, തങ്ങൾക്കെതിരെയുള്ള കേസ് പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നും പ്രതികൾ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നു.
അറസ്റ്റ് രേഖപ്പെടുത്തിയാൽ തങ്ങൾ പൊതുസമൂഹത്തിൽ അപമാനിതരാകുമെന്നും, അക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അതിനാൽ അറസ്റ്റ് ചെയ്താൽ ഉടൻ ജാമ്യത്തിൽ വിടണമെന്നുമാണ് അപേക്ഷയിലുള്ളത്. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി ഹണി വർഗീസാണ് പൊലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
മുൻ മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയ്ക്കടിയേറ്റ സംഭവം 'രക്ഷാപ്രവർത്തനം' എന്ന് വിശേഷിപ്പിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അധികാരമാറ്റത്തിന് പിന്നാലെ കേസിൽ കടുത്ത നടപടികളിലേക്ക് പൊലീസ് നീങ്ങുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

Comments
Post a Comment