മരിക്കുമ്മുമ്പ് അവനെയൊന്ന് കാണണം"; 35 വർഷമായി ആ പടിവാതിൽക്കലുണ്ട് രത്നാവതി അമ്മയുടെ കാത്തിരിപ്പ്
തിരുവനന്തപുരം: "മരിക്കുമ്മുമ്പ് അവനെ എനിക്കൊന്ന് കാണണം... കണ്ടുകഴിഞ്ഞാൽ അവൻ തിരിച്ചുപോയാലും സാരമില്ല..." 85 വയസ്സായ രത്നാവതി അമ്മയുടെ ഈ വാക്കുകളിൽ ഒരു ആയുസ്സിന്റെ മുഴുവൻ വേദനയും പ്രതീക്ഷയുമുണ്ട്. കല്ലിയൂർ കാക്കമൂല കുഴിയാംവിള വീട്ടിൽ രത്നാവതി കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി തന്റെ മകൻ മുരുകനെ (57) തേടുകയാണ്.
പിതാവിന്റെ പാത പിന്തുടർന്ന് ആശാരിപ്പണി ചെയ്തിരുന്ന മുരുകൻ തന്റെ 22-ാം വയസ്സിലാണ് കല്ലിയൂർ വള്ളംകോട് കല്ലുവിള വീട്ടിൽ നിന്നും നാടുവിടുന്നത്. താൻ ജനിച്ചു വളർന്ന കുടുംബവീട് വിൽക്കേണ്ടി വന്നതിലുള്ള മനോവിഷമത്തിലായിരുന്നു അന്ന് മുരുകൻ. പിന്നീട് സുഹൃത്തുക്കൾക്കൊപ്പം മെച്ചപ്പെട്ട ജോലി തേടി മുംബൈയിലേക്ക് പോയതായി വീട്ടുകാർ അറിഞ്ഞു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പിന്നീട് തിരിച്ചെത്തിയെങ്കിലും മുരുകൻ മാത്രം മടങ്ങിവന്നില്ല. മുംബൈയിലെത്തിയ ശേഷം മുരുകൻ മറ്റുള്ളവരിൽ നിന്നും പിരിഞ്ഞ് എങ്ങോട്ടോ പോയെന്നാണ് സുഹൃത്തുക്കൾ അന്ന് നൽകിയ വിവരം.
മുരുകന്റെ ഇരട്ട സഹോദരിയായ രാധികയ്ക്കാണ് ഈ തിരോധാനത്തിൽ ഏറ്റവും വലിയ സങ്കടം. രാധികയ്ക്ക് ഇപ്പോൾ 57 വയസ്സായി. രത്നാവതിയുടെ ആറ് മക്കളിൽ മൂന്നാമനാണ് മുരുകൻ. മകന്റെ ഏക ഓർമ്മച്ചിത്രമായ ഒരു പഴയ ഫോട്ടോ നെഞ്ചോട് ചേർത്താണ് ഈ അമ്മ ഓരോ ദിവസവും തള്ളിനീക്കുന്നത്. പ്രായത്തിന്റേതായ അവശതകളും രോഗങ്ങളും അലട്ടുന്നുണ്ടെങ്കിലും, മകൻ എന്നെങ്കിലും പടി കടന്നുവരുമെന്ന പ്രതീക്ഷ അവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു.
അഞ്ച് വർഷം മുമ്പ് നാട്ടിൽ നിന്നുള്ള ഒരു ലോറി ഡ്രൈവർ മുരുകനെ പാലക്കാട് വെച്ച് കണ്ടതായി വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണങ്ങളിൽ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. നാല് വർഷം മുമ്പ് നേമം പോലീസ് സ്റ്റേഷനിൽ സഹോദരി പരാതി നൽകിയിരുന്നെങ്കിലും മുരുകനെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
മുരുകനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി കുടുംബത്തെയോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് ബന്ധുക്കൾ അപേക്ഷിക്കുന്നു. പ്രത്യേകിച്ച് പാലക്കാട്, മുംബൈ ഭാഗങ്ങളിൽ ജോലി ചെയ്യുന്നവരോ താമസിക്കുന്നവരോ ഈ ചിത്രം ശ്രദ്ധിക്കുമല്ലോ.

Comments
Post a Comment