അനാഥത്വത്തിന്റെ കൈപ്പുനീരറിയുന്ന പെൺകുട്ടികൾക്ക് ഇനി മരണം വരെ കാവൽ; പന്തിരിക്കരയിൽ 'തണൽ സ്നേഹക്കൂട്' മെയ് 30ന് സമർപ്പിക്കും

 


പേരാമ്പ്ര (ചങ്ങരോത്ത്): അനാഥത്വത്തിന്റെ കൈപ്പുനീരറിയുന്ന ഭിന്നശേഷിക്കാരായ പെൺകുട്ടികൾക്ക് ഇനി മരണം വരെ തണലൊരുക്കാൻ 'തണൽ സ്നേഹക്കൂട്' സജ്ജമായി. കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കരയിൽ ഒന്നര ഏക്കർ ഭൂമിയിൽ നിർമ്മിച്ച എട്ട് അത്യാധുനിക റിസോർട്ട് മോഡൽ വീടുകളുടെ സമർപ്പണവും, പതിനായിരങ്ങൾ പങ്കെടുക്കുന്ന 'പോരേക്കൂടൽ' സംഗമവും മെയ് 30-ാം തീയതി ശനിയാഴ്ച നടക്കും.

​കേരളത്തിൽ സമീപകാലത്തായി ഇരുപതിലേറെ ഭിന്നശേഷി കുട്ടികൾ അവരെ സംരക്ഷിക്കേണ്ടവരാൽ തന്നെ കൊലചെയ്യപ്പെട്ട ദൗർഭാഗ്യകരമായ സാഹചര്യത്തിലാണ്, 'തണൽ' ഇത്തരമൊരു വിപ്ലവകരമായ പദ്ധതിക്ക് തുടക്കമിട്ടതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രവാസികളുടെ കനവും സമീറിന്റെ കരുണയും; ഒരുങ്ങിയത് എട്ട് സ്നേഹവീടുകൾ

​ആരോരുമില്ലാത്ത 50 ഭിന്നശേഷി പെൺകുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ ഇവിടെ പൂർണ്ണ സംരക്ഷണം ഒരുക്കുന്നത്. യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിലെ പ്രവാസികളായ സുമനസ്സുകളാണ് പദ്ധതിക്കാവശ്യമായ ഒന്നര ഏക്കർ സ്ഥലം സ്പോൺസർ ചെയ്തത്. ഈ ഭൂമിയിൽ 70 ലക്ഷം രൂപ ചെലവിൽ എട്ട് മനോഹരമായ കൊച്ചു വീടുകൾ നിർമ്മിച്ച് നൽകിയത് എറണാകുളം കോതമംഗലത്തെ പ്രമുഖ വ്യവസായി സമീർ പൂക്കുഴിയാണ്.

​കൂടാതെ, ഈ കുട്ടികൾക്ക് ഒത്തുകൂടാനും കലാപരിപാടികൾ അവതരിപ്പിക്കാനുമായി 10 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ആംഫി തിയേറ്റർ (തുറന്ന വേദി) സ്പോൺസർ ചെയ്തത് പ്രവാസിയായ പാലേരി പാറക്കടവ് സ്വദേശി ജമാൽ കൊളക്കണ്ടത്തിലാണ്. വെറുമൊരു അഭയകേന്ദ്രമെന്നതിനപ്പുറം കെയർ ടേക്കർമാർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, മികച്ച തെറാപ്പിസ്റ്റുകൾ എന്നിവരുടെ മുഴുവൻ സമയ സേവനവും ഈ സ്നേഹക്കൂട്ടിൽ ലഭ്യമാക്കും.

വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്റർ: ജനകീയ തറക്കല്ലിടൽ

​കുട്ടികളുടെ തൊഴിൽ നൈപുണ്യവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ട് 10,000 സ്ക്വയർ ഫീറ്റിൽ നിർമ്മിക്കുന്ന വൊക്കേഷണൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ ജനകീയ തറക്കല്ലിടൽ കർമ്മവും മെയ് 30ന് ഇതോടൊപ്പം നടക്കും. രണ്ടര കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണ ഫണ്ട് സമാഹരണവും അന്നേദിവസം ജനപങ്കാളിത്തത്തോടെ നടക്കും.

​ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് വാഴയിൽ നസീമ ചെയർപേഴ്സണായ 1001 അംഗ വിപുലമായ സ്വാഗതസംഘമാണ് പരിപാടിയുടെ വിജയത്തിനായി രംഗത്തുള്ളത്. മെയ് 30ന് രാവിലെ മുതൽ വൈകുന്നേരം 6 മണി വരെ നീളുന്ന 'പോരെക്കൂടൽ' ചടങ്ങിൽ പങ്കെടുക്കുന്ന സുമനസ്സുകളിൽ നിന്നും ആവശ്യമായ ഫണ്ട് സമാഹരിക്കാനാണ് സമിതി ലക്ഷ്യമിടുന്നത്.

നാടിന്റെ നാനാതുറകളിലെ പ്രമുഖർ അണിനിരക്കും

​മെയ് 30ന് നടക്കുന്ന വൻ സനാഥത്വ പ്രഖ്യാപന ചടങ്ങിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വ്യവസായ രംഗത്തെ പ്രമുഖർ സംബന്ധിക്കും. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി, ടി. സിദ്ദിഖ് എം.എൽ.എ, ഷാഫി പറമ്പിൽ എം.പി, മുൻ എം.എൽ.എമാരായ പാറക്കൽ അബ്ദുള്ള, കെ.എം. അഭിജിത്ത്, ടി.പി. രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, വൈസ് പ്രസിഡന്റ് കെ.കെ. നവാസ് എന്നിവരും പേരാമ്പ്ര, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും ഒമ്പത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും. മലബാർ ഗോൾഡ് ഇന്റർനാഷണൽ എം.ഡി എം.പി. അഹമ്മദ്, തണൽ ചെയർമാൻ ഡോ. ഇദ്രീസ് തുടങ്ങിയവരും ചടങ്ങിൽ സാന്നിധ്യമറിയിക്കും.

​പന്തിരിക്കരയിൽ നടന്ന വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർപേഴ്സൺ നസീമ വാഴയിൽ, ഡോ. ഷാജഹാൻ, പി.കെ. നവാസ്, പുതുക്കോട്ട് രവീന്ദ്രൻ, ഷരീഫ് കയറോത്ത്, ജമാൽ കുളക്കണ്ടത്തിൽ, ശശി ഇല്ലത്ത്, പി.എം. യൂസഫ്, കുന്നുമ്മൽ സലാം, മൊയോറത്ത് അലി എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി