അഗ്നിപർവതത്തിന് മുകളിൽ 20,000 ജീവനക്കാർ; ഹോർമുസിലെ യുദ്ധഭീതി വിവരിച്ച് പേരാമ്പ്ര സ്വദേശി
പയ്യോളി: പുകയുന്ന ഹോർമുസ് കടലിടുക്കിൽ നിന്ന് പുറത്തുവരുന്നത് നാവികരുടെ ചോരയുറയുന്ന അനുഭവങ്ങൾ. യുദ്ധമുഖത്തെ ആശങ്കകളും പ്രതീക്ഷകളും പങ്കുവെച്ച് പയ്യോളി സ്വദേശിയായ നാവിക ഉദ്യോഗസ്ഥൻ ഫൈസൽ മുഹമ്മദ് ഷാലിമാർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. കൊറിയൻ ഉടമസ്ഥതയിലുള്ള വി.എൽ.സി.സി. ടാങ്കർഷിപ്പിലെ ചീഫ് എൻജിനിയറാണ് ഫൈസൽ.
"2000 കപ്പലുകളിലായി 20,000 ജീവനക്കാരാണ് ഹോർമുസിൽ കുടുങ്ങിക്കിടക്കുന്നത്. അവർ ഓരോ നിമിഷവും ഒരു അഗ്നിപർവതത്തിന് മുകളിൽ ഇരിക്കുന്നതുപോലെയാണ് കഴിയുന്നത്," ഫൈസൽ വീഡിയോയിൽ പറയുന്നു. രണ്ട് മാസത്തിലധികമായി തുടരുന്ന ഈ മാനസികാവസ്ഥ വിവരണാതീതമാണ്. ഒന്നേമുക്കാൽ ലക്ഷം ടൺ ക്രൂഡ് ഓയിൽ വഹിക്കുന്ന കപ്പലുകളും എൽ.എൻ.ജി. കപ്പലുകളും ഇതിൽ ഉൾപ്പെടുന്നു. ഇറാൻ്റെ പിടിയിലുള്ള ഈ കപ്പലുകളുടെ ഭാവി അനിശ്ചിതത്വത്തിലാണ്.
യുദ്ധം കപ്പൽ ഗതാഗതത്തെ മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥയെയും ബാധിക്കുമെന്ന് ഫൈസൽ ഓർമ്മിപ്പിക്കുന്നു. ഒരു ദിവസത്തെ കപ്പൽ വാടക സാധാരണ ഒരു കോടി രൂപയാണെങ്കിൽ യുദ്ധസാഹചര്യത്തിൽ ഇൻഷുറൻസ് തുകയും വാടകയും കുത്തനെ വർധിച്ചു. കപ്പലുകളിലേക്ക് ഭക്ഷണവുമായി എത്തുന്ന ബോട്ടുകൾ പോലും ഭീമമായ തുകയാണ് ഈടാക്കുന്നത്. 15 കിലോമീറ്റർ സഞ്ചരിക്കാൻ 50 ലക്ഷം രൂപ വരെയാണ് ഇവർ ആവശ്യപ്പെടുന്നത്. ഈ അധികച്ചെലവുകൾ വരുംദിവസങ്ങളിൽ സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മുൻപ് കടൽക്കൊള്ളക്കാരെയും പ്രകൃതിക്ഷോഭങ്ങളെയും മാത്രമായിരുന്നു നാവികർക്ക് ഭയമെങ്കിൽ ഇന്ന് ഉറക്കം കെടുത്തുന്നത് മിസൈലുകളാണ്. നിലവിൽ അമേരിക്കയിൽ നിന്ന് ക്രൂഡ് ഓയിലുമായി ഇന്തോനേഷ്യക്ക് സമീപം ഹുണ്ടാ സ്ട്രീറ്റിലൂടെ കൊറിയയിലേക്ക് സഞ്ചരിക്കുകയാണ് ഫൈസലിന്റെ കപ്പൽ. ഹോർമുസ് കടലിടുക്ക് തുറന്നാൽ പോലും ഇറാൻ വിതറിയ മൈനുകൾ എവിടെയൊക്കെ ഉണ്ടെന്ന് അവർക്ക് പോലും നിശ്ചയമില്ലാത്തത് യാത്ര അതീവ അപകടകരമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അമേരിക്കയും ഇറാനും ഇസ്രായേലും തമ്മിലുള്ള ചർച്ചകൾ നല്ല രീതിയിൽ അവസാനിക്കണമെന്നും ലോകത്ത് സമാധാനം പുലരണമെന്നുമാണ് എല്ലാ നാവികരുടെയും പ്രാർഥനയെന്ന് പറഞ്ഞാണ് ഫൈസൽ മുഹമ്മദ് തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.

Comments
Post a Comment