20 വർഷത്തെ ജയിൽവാസത്തിനൊടുവിൽ അബ്ദുൾ റഹീം ജന്മനാടിന്റെ തണലിൽ
കരിപ്പൂർ: ഇരുപത് വർഷത്തെ നീണ്ട ജയിൽവാസത്തിനൊടുവിൽ അബ്ദുൽ റഹീം ജന്മനാട്ടിലെത്തി. സൗദി അറേബ്യയിലെ ജയിൽ മോചിതനായ റഹീം ഇന്ന് രാവിലെ 7.35-ഓടെയാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയത്. ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ പ്രിയപ്പെട്ടവനെ കാണാൻ എത്തിയ ബന്ധുക്കളെയും നാട്ടുകാരെയും വികാരനിർഭരമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മടങ്ങിവരവ്.
റിയാദിൽ നിന്ന് ബുധനാഴ്ച രാത്രി 11.55-ന് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലാണ് അദ്ദേഹം കോഴിക്കോട്ടെത്തിയത്. ജയിൽ അധികൃതരുടെ കർശന സുരക്ഷയിലും മേൽനോട്ടത്തിലുമായിരുന്നു വിമാനത്താവളം വരെയുള്ള യാത്രയും എമിഗ്രേഷൻ ഉൾപ്പെടെയുള്ള നിയമനടപടികളും പൂർത്തിയാക്കിയത്.
വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയ റഹീം, തനിക്കായി പ്രാർത്ഥിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. റഹീമിന്റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പം വിമാനത്തിൽ ഉണ്ടായിരുന്നു. വിമാനത്താവളത്തിൽ നിന്നും നേരെ കോടോമ്പുഴയിലെ സ്വന്തം വീട്ടിലേക്കാണ് അദ്ദേഹം പോകുന്നത്.
കേരളീയ സമൂഹം ഒറ്റക്കെട്ടായി നടത്തിയ പോരാട്ടത്തിന്റെയും പ്രാർത്ഥനയുടെയും സാഫല്യമാണ് ഈ മടങ്ങിവരവ്. കേസ് നടപടികൾക്കിടയിലും നാടും വിദേശത്തുമുള്ള മലയാളികൾ നൽകിയ പിന്തുണയാണ് റഹീമിന് തുണയായത്. സഹായ സമിതി പ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ വൻജനാവലിയാണ് റഹീമിനെ സ്വീകരിക്കാൻ കരിപ്പൂരിലെത്തിയത്.

Comments
Post a Comment