ജോലി തേടിയുള്ള യാത്ര മരണത്തിലേക്ക്; 17-കാരൻ ഓടിച്ച കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം.
നെടുമ്പാശ്ശേരി: അത്താണിയിൽ വിമാനത്താവള റോഡിൽ അമിതവേഗത്തിലെത്തിയ കാർ ബൈക്കിലിടിച്ച് കാസർകോട് സ്വദേശിനിയായ യുവതി മരിച്ചു. ചെങ്കള നെല്ലിക്കട്ട് ചെർളടുക്കത്തെ ഇഷാന ഇസ്മത് (21) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കാസർകോട് സ്വദേശി സർഫാത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ അത്താണി എയർപോർട്ട് വിഐപി റോഡിലെ പെട്രോൾ പമ്പിന് സമീപമുള്ള വളവിലായിരുന്നു അപകടം.
കാസർകോട് യുണൈറ്റഡ് മെഡിക്കൽ സെന്ററിലെ ജീവനക്കാരിയായിരുന്ന ഇഷാന, കൊച്ചിയിൽ മെച്ചപ്പെട്ട ജോലി അന്വേഷിച്ച് എത്തിയതായിരുന്നു. പുലർച്ചെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ അത്താണി ഭാഗത്തുനിന്നും അമിതവേഗത്തിലെത്തിയ സ്വിഫ്റ്റ് കാർ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇഷാനയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്നത് അരൂർ സ്വദേശിയായ 17-കാരനാണെന്ന് പോലീസ് കണ്ടെത്തി. അത്താണിയിൽ കുടുംബാംഗങ്ങൾക്കൊപ്പം വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇവർ. അപകടത്തിന് ശേഷം കാർ നിർത്താതെ പോയതായി ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.
ഇഷാനയുടെ മൃതദേഹം അങ്കമാലി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ നെടുമ്പാശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിർത്താതെ പോയ കാർ കണ്ടെത്താനുള്ള ശ്രമങ്ങളും പ്രായപൂർത്തിയാകാത്ത ആൾക്ക് വാഹനം നൽകിയവർക്കെതിരെയുള്ള നടപടികളും പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Comments
Post a Comment