മുക്കത്ത് വീടിന് നേരെ വ്യാപക കല്ലേറ്; 15 ദിവസം പ്രായമായ കുഞ്ഞും അമ്മയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മുക്കം: പൂളപ്പൊയിലിൽ പുലർച്ചെയുണ്ടായ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്തിൽ വീടിനും വാഹനത്തിനും നേരെ വ്യാപക കല്ലേറ്. പൂളപ്പൊയിൽ സ്വദേശി അഹമ്മദ് കുട്ടിയുടെ വീടിന് നേരെയാണ് ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ ആക്രമണം നടന്നത്. കല്ലേറിൽ വീടിന്റെ ജനൽച്ചില്ലുകളും പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറും തകർന്നു. 15 ദിവസം മാത്രം പ്രായമുള്ള നവജാതശിശുവും അമ്മയും കിടന്നിരുന്ന മുറിക്ക് നേരെയാണ് കല്ലേറുണ്ടായത്.
പുലർച്ചെ മൂന്ന് മണിയോടെ വലിയ ശബ്ദം കേട്ടാണ് വീട്ടുകാർ ഉണരുന്നത്. വീടിന് ചുറ്റും നിന്ന് ഒരേസമയം കല്ലേറുണ്ടാകുകയായിരുന്നു. നവജാതശിശുവും അമ്മയും ഉറങ്ങിക്കിടന്ന മുറിയുടെ ജനൽച്ചില്ലുകൾ കല്ലേറിൽ തകർന്നു വീണു. ചില്ലുകൾ ചിതറി മുറിക്കുള്ളിലേക്ക് വീണെങ്കിലും ഇവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
വീടിന് പുറമെ പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിന് നേരെയും ആക്രമണമുണ്ടായി. കാറിന്റെ ചില്ലുകൾ പൂർണ്ണമായും തകർത്ത നിലയിലാണ്. ഏകദേശം അരമണിക്കൂറോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് അക്രമികൾ കടന്നുകളഞ്ഞത്.
സംഭവത്തിന് പിന്നാലെ അഹമ്മദ് കുട്ടി മുക്കം പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പ്രാഥമിക തെളിവുകൾ ശേഖരിക്കുകയും വീടിന് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. എന്നാൽ പുലർച്ചെയായതിനാലും വെളിച്ചക്കുറവ് മൂലവും ദൃശ്യങ്ങളിൽ വ്യക്തതയില്ലാത്തത് അക്രമികളെ തിരിച്ചറിയുന്നതിന് തടസ്സമായിട്ടുണ്ട്. പരിസരത്തെ മറ്റ് സിസിടിവി ക്യാമറകളും പോലീസ് പരിശോധിച്ചു വരികയാണ്.
യാതൊരു പ്രകോപനവുമില്ലാതെ നടന്ന ഈ ആക്രമണത്തിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Comments
Post a Comment