കളിക്കുന്നതിനിടെ ദാരുണ സംഭവം; 11-കാരനെ വീടിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
താമരശ്ശേരി: കളിച്ചുകൊണ്ടിരിക്കുന്നതിനിടെ 11 വയസ്സുകാരനെ വീടിന്റെ വരാന്തയിലെ തൂണിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കളരാന്തിരി കാഞ്ഞിരോട് പുറായിൽ വാടകയ്ക്ക് താമസിക്കുന്ന ബാലുശ്ശേരി കരുമല സ്വദേശി രജീഷിന്റെ മകൻ ശ്രീരാഗ് ആണ് മരിച്ചത്. കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. ആറ് വയസ്സുകാരനായ ഇളയ സഹോദരനൊപ്പം വീടിന്റെ വരാന്തയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ശ്രീരാഗ് കടുംകൈ ചെയ്തതെന്നാണ് വിവരം.
സംഭവസമയത്ത് കുട്ടിയുടെ മാതാപിതാക്കളായ രജീഷും ശ്യാമിലിയും ജോലിക്ക് പോയിരിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ശ്യാമിലിയുടെ മാതാപിതാക്കൾ പുറത്തുപോയി തിരികെ എത്തിയപ്പോഴാണ് കുട്ടി വരാന്തയിലെ തൂണിൽ തൂങ്ങിനിൽക്കുന്നത് കണ്ടത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ കുട്ടിയെ ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.
മൃതദേഹം ഇപ്പോൾ താമരശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. കളിപ്പാട്ടങ്ങൾക്കും കൂട്ടുകാർക്കുമൊപ്പം സജീവമായിരുന്ന ശ്രീരാഗിന്റെ അപ്രതീക്ഷിത വേർപാട് കളരാന്തിരി പ്രദേശത്തെയും സ്കൂളിലെ സഹപാഠികളെയും വലിയ ദുഃഖത്തിലാഴ്ത്തി.

Comments
Post a Comment