തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കർ; തിരഞ്ഞെടുക്കപ്പെട്ടത് 101 വോട്ടുകൾക്ക്
സംസ്ഥാന ചരിത്രത്തിലാദ്യം; സ്പീക്കർ സ്ഥാനത്തേക്ക് ത്രികോണ മത്സരം
തിരുവനന്തപുരം: കോട്ടയം എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം കേരള നിയമസഭയുടെ പുതിയ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. നിയമസഭയിൽ നടന്ന ആവേശകരമായ വോട്ടെടുപ്പിൽ 101 വോട്ടുകൾ നേടിയാണ് അദ്ദേഹം സ്പീക്കർ പദവിയിലെത്തിയത്. പ്രതിപക്ഷത്തിന്റെ (എൽ.ഡി.എഫ്) സ്ഥാനാർത്ഥിയായ എ.സി. മൊയ്തീന് 35 വോട്ടുകളും, എൻ.ഡി.എ സ്ഥാനാർത്ഥിയായ ബി.ബി. ഗോപകുമാറിന് 3 വോട്ടുകളും ലഭിച്ചു.
സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് മുന്നണികളുടെ സ്ഥാനാർത്ഥികൾ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ചതെന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്. സഭയിലെ മുതിർന്ന അംഗവും അമ്പലപ്പുഴ എംഎൽഎയുമായ പ്രോടേം സ്പീക്കർ ജി. സുധാകരന്റെ നിയന്ത്രണത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായത്.
നാമനിർദേശ പത്രികകൾ ഇങ്ങനെ:
തിരുവഞ്ചൂർ രാധാകൃഷ്ണനെ നാമനിർദേശം ചെയ്തുകൊണ്ട് നാല് സെറ്റ് പത്രികകളാണ് സഭയിൽ സമർപ്പിക്കപ്പെട്ടത്.
വി.ഡി. സതീശൻ നാമനിർദേശം ചെയ്യുകയും സണ്ണി ജോസഫ് പിന്താങ്ങുകയും ചെയ്തതായിരുന്നു ആദ്യ പത്രിക. പി.കെ. കുഞ്ഞാലിക്കുട്ടി നിർദേശിച്ച് പി.കെ. ബഷീർ പിന്താങ്ങിയതാണ് രണ്ടാമത്തേത്. മോൻസ് ജോസഫ് നിർദേശിക്കുകയും അനൂപ് ജേക്കബ് പിന്താങ്ങുകയും ചെയ്തതായിരുന്നു മൂന്നാമത്തെ പത്രിക. ഷിബു ബേബി ജോൺ നാമനിർദേശം ചെയ്യുകയും സി.പി. ജോൺ പിന്താങ്ങുകയും ചെയ്ത നാലാമത്തെ പത്രികയും സമർപ്പിക്കപ്പെട്ടു.
എതിർ സ്ഥാനാർത്ഥികൾ:
എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ സിപിഎമ്മിന്റെ എ.സി. മൊയ്‌തീനെ നാമനിർദേശം ചെയ്തുകൊണ്ടുള്ള ആദ്യ പത്രികയിൽ പിണറായി വിജയൻ നിർദേശിക്കുകയും കെ. രാജൻ പിന്താങ്ങുകയും ചെയ്തു. രണ്ടാമത്തെ പത്രികയിൽ കെ.എൻ. ബാലഗോപാൽ നാമനിർദേശം ചെയ്യുകയും പി.കെ. പ്രവീൺ പിന്താങ്ങുകയും ചെയ്‌തു.
എൻ.ഡി.എ സ്ഥാനാർത്ഥി ബി.ബി. ഗോപകുമാറിനെ നാമനിർദേശം ചെയ്തുള്ള പത്രികയിൽ രാജീവ് ചന്ദ്രശേഖർ പേര് നിർദേശിക്കുകയും വി. മുരളീധരൻ പിന്താങ്ങുകയും ചെയ്തു.
വോട്ടെടുപ്പ് വിവരങ്ങൾ
ആകെ 140 അംഗ സഭയിൽ 139 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന പ്രോ ടേം സ്പീക്കറായതിനാൽ ജി. സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് പുതിയ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ ആദരവോടെ സ്പീക്കറുടെ ഔദ്യോഗിക കസേരയിലേക്ക് ആനയിച്ചു. തുടർന്ന് പുതിയ സ്പീക്കർക്ക് സഭാംഗങ്ങൾ ആശംസകൾ നേർന്നു. സഭയുടെ ഉന്നതമായ ജനാധിപത്യ മര്യാദകൾ കാത്തുസൂക്ഷിക്കാൻ താൻ പരമാവധി ശ്രമിക്കുമെന്ന് ചുമതലയേറ്റ ശേഷം സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയ്ക്ക് ഉറപ്പുനൽകി.

Comments
Post a Comment