ചിക്കമഗളൂരുവിൽ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
പാലക്കാട്: കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനി ശ്രീനന്ദ (18) അന്തരിച്ചു. കാണാതായി നാലാം ദിവസമാണ് പെൺകുട്ടിയുടെ മൃതദേഹം മാണിക്യ ധാര വ്യൂ പോയിന്റിന് താഴെയുള്ള അഗാധമായ താഴ്വാരത്ത് നിന്ന് കണ്ടെത്തിയത്. ഏകദേശം 1500 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം പുറത്തെടുത്തത്.
കഴിഞ്ഞ ഏപ്രിൽ ഏഴ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്. കടമ്പഴിപ്പുറത്ത് നിന്ന് നാൽപ്പതംഗ സംഘത്തോടൊപ്പമാണ് ശ്രീനന്ദയും കുടുംബവും ചിക്കമഗളൂരുവിൽ എത്തിയത്. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം നിൽക്കുമ്പോൾ പെൺകുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു.
പെൺകുട്ടിയെ കണ്ടെത്താനായി പോലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവരടങ്ങുന്ന നൂറംഗ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സാണ് തിരച്ചിൽ നടത്തിയത്. ദുർഘടമായ ഭൂപ്രകൃതിയായതിനാൽ തെർമൽ ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിച്ചായിരുന്നു പരിശോധന. നേരത്തെ തിരച്ചിൽ നടത്തിയ ഭാഗത്ത് തന്നെയാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
തിരച്ചിൽ ഊർജിതമല്ലെന്ന് ആരോപിച്ച് ശ്രീനന്ദയുടെ കുടുംബം ഇന്ന് രാവിലെ രംഗത്തെത്തിയിരുന്നു. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയവും മാതാപിതാക്കൾ പോലീസുമായി പങ്കുവെച്ചിരുന്നു. എന്നാൽ, അഗാധമായ താഴ്ചയിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
താഴ്വാരത്ത് നിന്ന് പുറത്തെത്തിച്ച മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്

Comments
Post a Comment