വണ്ടി ഓടിക്കാൻ വാങ്ങിയതാണ്, തള്ളാനല്ല!" - ഒലയ്‌ക്കെതിരെ യുവാവിന്റെ 'തള്ളു' പ്രതിഷേധം
ഓച്ചിറ: കത്തുന്ന വെയിലിൽ ഓല ഇലക്ട്രിക് സ്കൂട്ടറും തള്ളിക്കൊണ്ട് റോഡിലൂടെ നീങ്ങുന്ന യുവാവിനെ കണ്ടപ്പോൾ വഴിയാത്രക്കാർ ആദ്യം അത്ഭുതപ്പെട്ടു. എന്നാൽ വണ്ടിയിൽ പതിച്ച പോസ്റ്ററുകൾ വായിച്ചതോടെയാണ് സംഗതിയുടെ ഗൗരവം എല്ലാവർക്കും മനസിലായത്. കമ്പനിയുടെ മോശം സേവനത്തിൽ മനംമടുത്ത് ഓച്ചിറ സ്വദേശിയായ വിഷ്ണു നടത്തിയ ഈ ഒറ്റയാൾ പോരാട്ടം ഇപ്പോൾ സോഷ്യൽ മീഡിയയിലും വലിയ ചർച്ചയാവുകയാണ്.
സൊമാറ്റോയിൽ ഡെലിവറി പാർട്ണറായി ജോലി ചെയ്യുന്ന വിഷ്ണു തന്റെ ഉപജീവനമാർഗ്ഗം തന്നെ പ്രതിസന്ധിയിലായതോടെയാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഓച്ചിറ പ്രയാറിൽ നിന്നും ഏകദേശം പത്തു കിലോമീറ്ററോളം ദൂരമാണ് ഇദ്ദേഹം തന്റെ പ്രിയപ്പെട്ട സ്കൂട്ടർ തള്ളിക്കൊണ്ട് സഞ്ചരിച്ചത്. പ്രതിഷേധം വ്യക്തമാക്കാൻ വണ്ടിയിൽ തെങ്ങോലകൾ കെട്ടുകയും ചെയ്തു.
ഒരു വർഷം മുൻപാണ് വിഷ്ണു സ്കൂട്ടർ വാങ്ങിയത്. എന്നാൽ കഴിഞ്ഞ നവംബർ മുതൽ വണ്ടി വിഷ്ണുവിനെ ശരിക്കും വട്ടംകറക്കുകയായിരുന്നു. ഓടിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് നിലച്ചുപോകുന്ന അവസ്ഥ പതിവായതോടെ വണ്ടി സർവീസ് സെന്ററിൽ നൽകി. 55 ദിവസത്തോളം വണ്ടി അവിടെ കിടന്നിട്ടും തകരാർ പരിഹരിക്കാനായില്ല. ഒടുവിൽ വണ്ടി സ്റ്റാർട്ട് പോലും ചെയ്യാത്ത അവസ്ഥയിലായതോടെയാണ് വിഷ്ണുവിന്റെ സഹനം അവസാനിച്ചത്.
വണ്ടിയിൽ പതിച്ചിരുന്ന പോസ്റ്ററിൽ എഴുതിയ കാര്യങ്ങൾ പലരുടെയും ശ്രദ്ധയാകർഷിച്ചു. "ഒരു സാധാരണക്കാരന്റെ ഗതികേട്! എന്തിനോ ഒല വാങ്ങാൻ തോന്നി?" എന്ന വരികൾ കമ്പനിയുടെ വീഴ്ചകളിലേക്കുള്ള വിരൽചൂണ്ടലായി. ജോലി നഷ്ടപ്പെട്ട അവസ്ഥയിലും താൻ നേരിട്ട അവഗണനയ്ക്കെതിരെയാണ് ഈ പ്രതിഷേധമെന്ന് വിഷ്ണു പറയുന്നു.
പരാതികൾ പലതവണ നൽകിയിട്ടും കമ്പനിയുടെ ഭാഗത്തുനിന്ന് യാതൊരു പരിഹാരവുമുണ്ടാകാത്ത സാഹചര്യത്തിൽ ഉപഭോക്തൃ കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും വിഷ്ണു പരാതി നൽകിയിട്ടുണ്ട്. പണമടച്ച് വാങ്ങിയിട്ടും കൃത്യമായ സേവനം ലഭിക്കാത്തതും, ഉപഭോക്താവിന്റെ ബുദ്ധിമുട്ടുകൾ പരിഗണിക്കാതിരിക്കുന്നതുമായ കമ്പനികളുടെ നിലപാടിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Comments
Post a Comment