കരിഞ്ഞുണങ്ങി കൂരാച്ചുണ്ട് മലയോരം; ജലസ്രോതസ്സുകൾ വറ്റിവരളുന്നു, കുടിവെള്ള വിതരണം ആരംഭിച്ച് പഞ്ചായത്ത്.
കൂരാച്ചുണ്ട്: മലയോര മേഖലയിൽ വേനൽച്ചൂട് കനത്തതോടെ കൂരാച്ചുണ്ട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷമാകുന്നു. പഞ്ചായത്തിലെ പ്രധാന തോടുകളിൽ നിർമിച്ചിട്ടുള്ള ചെക്കുഡാമുകളിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നത് കർഷകരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന കിണറുകളിലും മറ്റ് കുടിവെള്ള സ്രോതസ്സുകളിലും വെള്ളം വറ്റിത്തുടങ്ങി.
കൂരാച്ചുണ്ട് ടൗണിനോട് ചേർന്ന് ഒഴുകുന്ന ചന്തത്തോട്ടിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നേരത്തെ തന്നെ വെള്ളം കുറഞ്ഞു. മൂന്നാംമുക്കിൽ ചെറുകിട ജലസേചന വകുപ്പ് നിർമിച്ച തേനംമാക്കൽ താഴെ ചെക്കുഡാമിൽ വെള്ളം തടഞ്ഞുനിർത്തുന്നത് ചന്തത്തോട്ടിലെ ജലനിരപ്പ് ഉയർത്താൻ സഹായകമായിരുന്നു. എന്നാൽ, കടുത്ത വെയിൽ തുടരുന്നതോടെ ഡാമിലെ ജലശേഖരവും വേഗത്തിൽ കുറയുകയാണ്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ചൂട് വർധിച്ചതാണ് ജലസ്രോതസ്സുകൾ വേഗത്തിൽ വറ്റാൻ കാരണമായത്. ടൗൺ ഭാഗത്ത് ജലവിതരണം നടത്തുന്ന പഞ്ചായത്തിന്റെ പൊതുക്കിണറുകളിലും വെള്ളം താഴ്ന്നു. ഇതോടെ വിതരണ ശൃംഖലയെയും ഇത് ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
ജലക്ഷാമം രൂക്ഷമായ വാർഡുകളിൽ ജനങ്ങൾക്ക് ആശ്വാസമേകാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിച്ചു നൽകുന്നുണ്ട്. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കുകയാണെങ്കിൽ ജലക്ഷാമം നിയന്ത്രണാതീതമാകുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും വെള്ളം ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കുന്നതിനും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Comments
Post a Comment