ബൈക്കിൽ ഇന്ധനം മാറ്റി നിറച്ചു; പമ്പിൽ സ്വയം തീ കൊളുത്താൻ ശ്രമിച്ച് യുവാവ്, ലൈറ്റർ പിടിച്ചെടുത്ത്പോലീസ്.
നോയിഡ: ബൈക്കിൽ തെറ്റായ ഇന്ധനം നിറച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് പെട്രോൾ പമ്പിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നോയിഡ സെക്ടർ 49-ലെ പെട്രോൾ പമ്പിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. തന്റെ ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിച്ച യുവാവിനെ അതിസാഹസികമായാണ് പോലീസ് രക്ഷപ്പെടുത്തിയത്.
യുവാവ് ബൈക്കുമായി ഇന്ധനം നിറയ്ക്കാൻ പമ്പിലെത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ജീവനക്കാർ അബദ്ധത്തിൽ ബൈക്കിൽ പെട്രോളിന് പകരം ഡീസൽ നിറയ്ക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട യുവാവ് ചോദ്യം ചെയ്തതോടെ പമ്പ് ജീവനക്കാരുമായി വാക്കുതർക്കമുണ്ടായി. ജീവനക്കാരുടെ മോശം പെരുമാറ്റവും തന്റെ വാഹനത്തിന് കേടുപാട് സംഭവിക്കുമെന്ന ആശങ്കയും യുവാവിനെ പ്രകോപിപ്പിച്ചു. പ്രകോപിതനായ യുവാവ് പെട്ടെന്ന് കൈവശമുണ്ടായിരുന്ന പെട്രോൾ സ്വന്തം ശരീരത്തിലൂടെ ഒഴിക്കുകയും കൈയ്യിലുണ്ടായിരുന്ന ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്താൻ ശ്രമിക്കുകയുമായിരുന്നു.
പമ്പിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും ജീവനക്കാരും പരിഭ്രാന്തരായി ചിതറിയോടി. വിവരമറിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ നോയിഡ പൊലീസിന്റെ PRV-4803 ടീം സ്ഥലത്തെത്തി. തീ കൊളുത്താൻ ലൈറ്റർ ഉയർത്തിയ യുവാവിനെ അതിവേഗത്തിൽ കീഴ്പ്പെടുത്തിയ പോലീസ് സംഘം ലൈറ്റർ പിടിച്ചെടുത്തു. ഉടൻ തന്നെ യുവാവിന്റെ ശരീരത്തിൽ വെള്ളമൊഴിച്ച് വലിയൊരു ദുരന്തം ഒഴിവാക്കുകയായിരുന്നു. പെട്രോൾ പമ്പ് ആയതുകൊണ്ട് തന്നെ തീ പടർന്നിരുന്നെങ്കിൽ വലിയൊരു സ്ഫോടനത്തിന് സാധ്യതയുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
യുവാവിനെ സുരക്ഷിതമായി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ പമ്പ് ജീവനക്കാർക്കെതിരെയും യുവാവിന്റെ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. മനഃപൂർവമല്ലാത്ത തെറ്റ് സംഭവിച്ചതാണോ അതോ സേവനത്തിലെ വീഴ്ചയാണോ എന്ന കാര്യത്തിൽ പോലീസ് വ്യക്തത തേടും. സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവാക്കിയ പോലീസ് ഉദ്യോഗസ്ഥരെ നോയിഡ പോലീസ് കമ്മീഷണർ അഭിനന്ദിച്ചു

Comments
Post a Comment