ആകാശത്തുനിന്നെത്തിയ തീ; കൊയിലാണ്ടിയിൽ ഇടിമിന്നലേറ്റ് തെങ്ങുകൾക്ക് തീപിടിച്ചു
ചിത്രം Ai
കൊയിലാണ്ടി: ശക്തമായ ഇടിമിന്നലിനെ തുടർന്ന് കൊയിലാണ്ടിയിലെ വിവിധയിടങ്ങളിൽ തെങ്ങുകൾക്ക് തീപിടിച്ചു. തിക്കോടി, ചിങ്ങപുരം റോഡ്, മുചുകുന്ന് എന്നിവിടങ്ങളിലാണ് ഇന്ന് രാത്രി 7.30 ഓടെ മിന്നലേറ്റത്. മൂന്നിടങ്ങളിലായി അഞ്ചോളം തെങ്ങുകൾ ഇടിമിന്നലേറ്റ് കത്തിനശിച്ചു.
തിക്കോടിയിലെ കൊല്ലൻ്റ കണ്ടിയിൽ ഷൈജു, പള്ളിക്കരയിലെ വള്ളിൽതാഴെ രമേശൻ പിടി, മൂടാടി പത്താം വാർഡിൽ പട്ടേരി വീട്ടിൽ ബാലകൃഷ്ണൻ എന്നിവരുടെ വീട്ടുപറമ്പിലെ തെങ്ങുകൾക്കാണ് തീപിടിച്ചത്. മിന്നലേറ്റതിനെ തുടർന്ന് തെങ്ങുകൾക്ക് തീപിടിക്കുന്നത് കണ്ട് നാട്ടുകാർ പരിഭ്രാന്തരായി. ഉടൻ തന്നെ നാട്ടുകാർ വിവരം അഗ്നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ച ഉടൻ തന്നെ കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ നിലയത്തിൽ നിന്ന് രണ്ട് യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിജി ഐയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. തീ പടരാതിരിക്കാൻ സേന നടത്തിയ സമയോചിതമായ ഇടപെടൽ വലിയ അപകടം ഒഴിവാക്കി.
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത്, ബിനിഷ്, നിധിപ്രസാദ്, ലിനീഷ്, അനൂപ്, സുജിത്ത്, നിധിൻ രാജ്, ഹോംഗാർഡുമാരായ അനിൽകുമാർ, ഓംപ്രകാശ്, ഷൈജു എന്നിവരടങ്ങുന്ന സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പ്രദേശത്ത് ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Comments
Post a Comment