ചെങ്ങന്നൂരില്‍ കൂടത്തായി മോഡല്‍ ദുരൂഹത; വയോധികന്റെ മരണത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും
ചെങ്ങന്നൂര്‍: പുലിയൂര്‍ സ്വദേശി പടിഞ്ഞാറേ പറമ്പില്‍ പുത്തന്‍ വീട്ടില്‍ യേശുദാസിന്റെ (74) മരണത്തില്‍ ദുരൂഹത ആരോപിച്ച് മരുമകള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ഉത്തരവ്. മരണത്തിൽ 'കൂടത്തായി' മാതൃകയിലുള്ള ദുരൂഹതയുണ്ടെന്ന ആരോപണം ശരിവെക്കുന്ന തരത്തിലാണ് സംഭവം. യേശുദാസിന്റെ സഹോദരനും ഹോം നഴ്സും ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ ബോധപൂർവ്വം നടത്തിയ നീക്കമാണ് മരണത്തിൽ കലാശിച്ചതെന്നാണ് മരുമകൾ ലീന ബിൻസിന്റെ പരാതി. സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയുടെ നിർണ്ണായക ഉത്തരവിനെത്തുടർന്ന് ഏപ്രിൽ 21-ന് (ചൊവ്വാഴ്ച) രാവിലെ 10.30-ന് പുലിയൂർ പള്ളി സെമിത്തേരിയിൽ നിന്ന് മൃതദേഹം പുറത്തെടുക്കും.
കഴിഞ്ഞ മാർച്ച് 20-നായിരുന്നു യേശുദാസിന്റെ മരണം. ഇദ്ദേഹത്തിന് അൽഷിമേഴ്‌സ് രോഗമുണ്ടായിരുന്നു. ഇത് മുതലെടുത്ത് ബാങ്ക് അക്കൗണ്ടുകൾ, എടിഎം കാർഡുകൾ, വസ്തുവകകൾ എന്നിവ സഹോദരൻ ഗബ്രിയേലും ഹോം നഴ്സും ചേർന്ന് കൈക്കലാക്കിയതായാണ് ആരോപണം. ഹോം നഴ്സ് നൽകിയ കേക്ക് കഴിച്ചതിന് പിന്നാലെ യേശുദാസ് ബോധരഹിതനാവുകയും, ആശുപത്രിയിൽ എത്തിക്കും മുൻപേ മരണം സംഭവിക്കുകയുമായിരുന്നു.
മരണശേഷം മൃതദേഹം സംസ്കരിക്കാൻ സഹോദരൻ കാണിച്ച അമിതമായ തിടുക്കം കുടുംബത്തിന്റെ സംശയം ബലപ്പെടുത്തി. യേശുദാസിന്റെ മകൻ ബിൻസ് 2017-ൽ മരണപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ ലീനയും മക്കളുമാണ് നിയമപരമായ അവകാശികൾ. എന്നാൽ, സംസ്കാര ദിവസങ്ങളിൽ അവകാശികളെ വീട്ടിൽ നിന്ന് പുറത്താക്കിയതായും പരാതിയിലുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾ ഒഴിവാക്കി മൃതദേഹം വേഗത്തിൽ സംസ്കരിച്ചത് തെളിവുകൾ നശിപ്പിക്കാനാണെന്നും കുടുംബം ആരോപിക്കുന്നു. വലിയ തുകയുടെ ബാങ്ക് ബാലൻസും സ്വത്തുക്കളും ഗബ്രിയേലിന്റെ പേരിലേക്ക് മാറ്റിയതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ലീനയുടെ പരാതി.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ലീന ബിൻസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ ഒന്നിന് ചെങ്ങന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തേണ്ടത് അനിവാര്യമാണെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഷാജു എം.എസ് ഉത്തരവിട്ടത്.
ചെങ്ങന്നൂർ തഹസീൽദാർ (എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്), രണ്ട് പോലീസ് സർജന്മാർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും നടപടികൾ. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് കർശന സുരക്ഷയൊരുക്കും. മൃതദേഹം പുറത്തെടുക്കുന്ന നടപടികൾ പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ യേശുദാസിന്റെ മരണത്തിലെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. തന്റെ അദ്ധ്വാനഫലം മുഴുവൻ കൊച്ചുമക്കൾക്കായി നൽകുമെന്ന് യേശുദാസ് ഡയറിയിൽ എഴുതിവെച്ചിരുന്നു. ഈ സ്വത്തുവകകൾ അന്യാധീനപ്പെട്ടതും മരണത്തിലെ ദുരൂഹതയും തമ്മിലുള്ള ബന്ധമാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്

Comments
Post a Comment