ഇലക്ട്രിക് പോസ്റ്റിൽ കുടുങ്ങിയ ജീവനക്കാരൻ; മിന്നൽ വേഗത്തിൽ രക്ഷാപ്രവർത്തനവുമായി പേരാമ്പ്ര ഫയർഫോഴ്‌സ്.
പേരാമ്പ്ര: കെഎസ്ഇബി പേരാമ്പ്ര സെക്ഷന് കീഴിലെ കൂത്താളി ചെമ്പോടൻ പോയിലിൽ ഇലക്ട്രിക് ലൈനിലെ അറ്റകുറ്റപ്പണികൾക്കിടെ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് പോസ്റ്റിന് മുകളിൽ കുടുങ്ങിയ ജീവനക്കാരനെ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. പേരാമ്പ്ര സ്വദേശി കനിയാംകണ്ടി മീത്തൽ അജീഷിനെയാണ് പേരാമ്പ്ര ഫയർഫോഴ്സ് സംഘം സമയബന്ധിതമായി ഇടപെട്ട് സുരക്ഷിതമായി താഴെ ഇറക്കിയത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പോസ്റ്റിൽ കയറി ലൈനിലെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ അജീഷിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും ശരീരം തളരുകയുമായിരുന്നു. പോസ്റ്റിൽ നിന്ന് താഴെയിറങ്ങാൻ കഴിയാത്ത അവസ്ഥയിലായ അജീഷിനെ ശ്രദ്ധയിൽപ്പെട്ട ഉടൻ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ ഉടൻ തന്നെ പേരാമ്പ്രയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. സ്റ്റേഷൻ ഓഫീസർ പി.കെ. ഭരതന്റെ നേതൃത്വത്തിൽ എത്തിയ സംഘം ടെക്നിക്കൽ ഫയർ റെസ്ക്യൂ കിറ്റ് (Technical Fire Rescue Kit) ഉപയോഗിച്ച് അതീവ ശ്രദ്ധയോടെയാണ് ഇദ്ദേഹത്തെ പോസ്റ്റിൽ നിന്ന് താഴെ ഇറക്കിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. പ്രദീപൻ, ഗ്രേഡ് എസ്.ടി.ഒ എം. മജീദ് എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ സജിത്ത്, വിനീത്, അരുൺ പ്രസാദ്, മകേഷ്, അശ്വിൻ ഗോവിന്ദ്, വിജേഷ്, ഹൃദിൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. അജീഷിനെ ഉടൻ തന്നെ വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Comments
Post a Comment