മരണമുനമ്പിൽ മാലാഖയായി കെ.എസ്.ഇ.ബി ലൈൻമാൻ; കുരുന്നുകളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി
ഒറ്റപ്പാലം: റോഡിൽ പൊട്ടിക്കിടന്ന സർവീസ് വയറിൽ നിന്നും ഷോക്കേറ്റു പിടഞ്ഞ രണ്ട് കുരുന്നുകളെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷിച്ച് കെ.എസ്.ഇ.ബി ജീവനക്കാരൻ. പാലക്കാട് കോതകുറുശ്ശി സെക്ഷനിലെ ലൈൻമാൻ ഫാരിസ് ഖാൻ ആണ് സമയോചിതമായ ഇടപെടലിലൂടെ രണ്ട് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ചത്.
സമീപത്തെ വൈദ്യുതി തകരാർ പരിഹരിക്കാനായി എത്തിയതായിരുന്നു ഫാരിസ് ഖാൻ. ജോലി ചെയ്യുന്നതിനിടെ തൊട്ടടുത്ത് നിന്നും കുട്ടികളുടെ അസാധാരണമായ നിലവിളി കേട്ട് ഓടിയെത്തിയ അദ്ദേഹം കണ്ടത് നടുക്കുന്ന കാഴ്ചയായിരുന്നു. സഹോദരങ്ങളായ രണ്ട് കുട്ടികൾ റോഡിൽ പൊട്ടിക്കിടന്ന സർവീസ് കേബിളിൽ നിന്നും ഷോക്കേറ്റു വീണു പിടയുകയായിരുന്നു.
ഒരു നിമിഷം പോലും പാഴാക്കാതെ ഫാരിസ് ഖാൻ തന്റെ കൈയിലുണ്ടായിരുന്ന ഇൻസുലേറ്റഡ് കട്ടിംഗ് പ്ലെയർ ഉപയോഗിച്ച് വൈദ്യുതി പ്രവഹിച്ചിരുന്ന കേബിൾ മുറിച്ചുമാറ്റി. രക്ഷാപ്രവർത്തനത്തിനിടെ അദ്ദേഹത്തിനും നേരിയ തോതിൽ ഷോക്കേറ്റെങ്കിലും അതൊന്നും വകവെക്കാതെ അദ്ദേഹം കുട്ടികളെ ചേർത്തുപിടിച്ചു. ഉടൻ തന്നെ സ്വന്തം വാഹനത്തിൽ കുട്ടികളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.
കൃത്യസമയത്ത് ഷോക്ക് വേർപെടുത്തി ആശുപത്രിയിൽ എത്തിച്ചതിനാൽ കുട്ടികൾക്ക് ഗുരുതരമായ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെടാനായി. പ്രാഥമിക പരിശോധനകൾക്ക് ശേഷം അപകടനില തരണം ചെയ്ത കുഞ്ഞുങ്ങളെ വൈകുന്നേരത്തോടെ വീട്ടിലേക്ക് കൊണ്ടുപോയി. സ്വന്തം സുരക്ഷ നോക്കാതെ കുരുന്നുകളുടെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ഫാരിസ് ഖാന്റെ ധീരതയെ നാട്ടുകാരും വകുപ്പ് ഉദ്യോഗസ്ഥരും അഭിനന്ദിച്ചു.

Comments
Post a Comment