യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. സൂരജിന്റെ പോസ്റ്ററുകൾ വ്യാപകമായി നശിപ്പിക്കുന്നു; ബാലുശ്ശേരി മണ്ഡലത്തിൽ രാഷ്ട്രീയ അന്ധതയെന്ന് ആക്ഷേപം
കൂരാച്ചുണ്ട്: തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവേ, ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. സൂരജിന്റെ പ്രചാരണ ബോർഡുകളും പോസ്റ്ററുകളും സാമൂഹ്യവിരുദ്ധർ വ്യാപകമായി നശിപ്പിക്കുന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന ബോർഡുകൾ രാത്രിയുടെ മറവിൽ കീറി നശിപ്പിക്കുന്നതായി പരാതി.
യുഡിഎഫ് പ്രവർത്തകർ ആവേശത്തോടെ നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്ന് പ്രാദേശിക നേതൃത്വം ആരോപിച്ചു. "ആർക്കാണ് വി.ടി. സൂരജിന്റെ ബോർഡുകളോട് ഇത്ര പ്രശ്നം?" എന്ന് ജനങ്ങൾ ചോദിക്കുന്നു. വികസന രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാൻ ധൈര്യമില്ലാത്തവരാണ് ബോർഡുകളെ പോലും പേടിക്കുന്ന രാഷ്ട്രീയ അന്ധത ബാധിച്ച ഇരുട്ടിന്റെ തെമ്മാടിക്കൂട്ടങ്ങളായി മാറുന്നതെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
സ്ഥാനാർത്ഥിയുടെ ചിത്രമുള്ള ബോർഡുകൾ നശിപ്പിക്കുന്നത് വഴി ജനപിന്തുണ ഇല്ലാതാക്കാം എന്നത് വ്യാമോഹം മാത്രമാണെന്നും, ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങളെ പൊതുജനങ്ങൾ ശരിയായി വിലയിരുത്തുമെന്നും യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി. ബാലുശ്ശേരിയുടെ വികസനത്തിനായി മുന്നോട്ടുവെക്കുന്ന ആശയങ്ങളെ നേരിടാൻ കഴിയാത്തവരുടെ നിരാശയാണ് ഇത്തരം അക്രമങ്ങളിലൂടെ പുറത്തുവരുന്നത്.
ജനാധിപത്യപരമായ പ്രചാരണ രീതികളെ അക്രമാസക്തമായി നേരിടുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കോട്ടൂർ മണ്ഡലം കമ്മിറ്റി കൂരാച്ചുണ്ട് പോലീസിൽ പരാതി നൽകി. ക്രമസമാധാന നില തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്നും അക്രമികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

Comments
Post a Comment