പകൽ ആക്രി ശേഖരണം, രാത്രി വൻ മോഷണം ഒളിവിൽ കഴിഞ്ഞ പ്രതികൾ പോലീസ് പിടിയിൽ!
പേരാമ്പ്ര: ആക്രിക്കച്ചവടത്തിന്റെ മറവില്‍ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ പേരാമ്പ്ര പോലീസിന്റെ പിടിയിലായി. തക്കേടത്ത് കടവ് പുറവൂർ സ്വദേശി ചെറുപുത്തലത്ത് അർഷാദ് (26), തൊട്ടിൽപ്പാലം മൊയിലോത്തറ പുത്തൂർ വിഷ്ണു (27) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മൂലാട് ഭാഗത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും കോൺക്രീറ്റിന് ഉപയോഗിക്കുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന ഇരുമ്പ് ഷീറ്റുകൾ ലോറിയിൽ കടത്തിയതാണ് കേസിനാധാരം. പകൽ സമയങ്ങളിൽ ആക്രി സാധനങ്ങൾ ശേഖരിക്കാനെന്ന വ്യാജേന മോഷണം നടത്താനുദ്ദേശിക്കുന്ന സ്ഥലങ്ങൾ ഇവർ മുൻകൂട്ടി നിരീക്ഷിക്കും. തുടർന്ന് രാത്രിയിൽ ലോറിയുമായി എത്തി സാധനങ്ങൾ കടത്തുന്നതാണ് ഇവരുടെ രീതി. ഇത്തരം സംഘങ്ങൾ സജീവമാണെന്ന പരാതി വ്യാപകമായതിനെത്തുടർന്ന് പോലീസ് ഇവർക്കായി വലവിരിച്ചിരുന്നു.
മോഷണത്തിന് ശേഷം പോലീസിനെ കബളിപ്പിക്കാൻ പ്രതികൾ ആസൂത്രിതമായ നീക്കങ്ങളാണ് നടത്തിയത്. മൂലാടിൽ നിന്നും ഷീറ്റുകൾ കടത്തിയ ശേഷം അത്തോളി, പയ്യോളി, വടകര വഴി കറങ്ങി കുറ്റ്യാടിയിലെത്തിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ ഉപയോഗിച്ച ലോറി പോലീസ് തിരിച്ചറിഞ്ഞത്. ഇതോടെ പ്രതികൾ ഒളിവിൽ പോകുകയായിരുന്നു.
താൻ വിവാഹിതനാണെന്നും ഭാര്യയോടൊപ്പം ടൂറിലാണെന്നും പറഞ്ഞ് പ്രതികൾ ചുറ്റുമുള്ളവരെയും പോലീസിനെയും കബളിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇവർ ഒളിവിൽ കഴിയുന്ന കേന്ദ്രം പോലീസ് രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. പ്രതികൾ ഭാര്യവീട്ടുകാർ താമസിക്കുന്ന വാടക വീട്ടിലേക്ക് എത്തുമെന്ന കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തന്ത്രപരമായ നീക്കത്തിനൊടുവിലാണ് ഇരുവരെയും പിടികൂടിയത്. മോഷണത്തിന് ഉപയോഗിച്ച ലോറിയും പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പേരാമ്പ്ര സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Comments
Post a Comment