മുത്തശ്ശിപ്പാറയിൽ തീപ്പടർന്നു; വൻദുരന്തം തലനാരിഴയ്ക്ക് ഒഴിവായത് നാട്ടുകാരുടെ ഇടപെടലിൽ
കൂരാച്ചുണ്ട്: കായണ്ണ പഞ്ചായത്തിലെ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമായ മുത്തശ്ശിപ്പാറയിൽ തീപിടിത്തം. വൈകിട്ട് അഞ്ചുമണിയോടെയാണ് പ്രദേശത്ത് തീപടർന്നത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ചിന്റെ പരിധിയിലുള്ളതാണ് ഈ പ്രദേശം.
ഇന്നലെ വൈകിട്ട് തീ ആദ്യം കണ്ടയുടൻ തന്നെ പ്രദേശവാസികൾ തീയണയ്ക്കാനുള്ള തീവ്ര ശ്രമങ്ങൾ ആരംഭിച്ചു. ആ സമയത്ത് പെയ്ത മഴ കൂടി തുണയായതോടെ തീ താൽക്കാലികമായി നിയന്ത്രണവിധേയമാക്കാൻ സാധിച്ചു. എന്നാൽ രാത്രിയോടെ വീണ്ടും തീ പടരുകയായിരുന്നു.
തുടർന്ന് നാട്ടുകാർ ഉടൻ തന്നെ പേരാമ്പ്ര അഗ്നിശമന സേനയെയും കുരാച്ചുണ്ട് പോലീസിനെയും വിവരമറിയിച്ചു. എന്നാൽ, സംഭവസ്ഥലത്തേക്ക് വാഹനങ്ങൾക്കും അഗ്നിശമന സേനയ്ക്കും എത്തിച്ചേരാൻ റോഡ് സൗകര്യമില്ലാത്തത് വലിയ പ്രതിസന്ധിയായി. റോഡ് മാർഗം ഇല്ലാത്തതിനാൽ സേനയ്ക്ക് എത്താൻ സാധിക്കാത്ത സാഹചര്യത്തിൽ പ്രദേശവാസികൾ ഒത്തൊരുമയോടെ വീണ്ടും തീയണയ്ക്കാൻ മുന്നിട്ടിറങ്ങുകയായിരുന്നു.
തീ സമീപത്തെ കർഷകനായ മറ്റത്തിൽ മാണിയുടെ റബർ തോട്ടത്തിലേക്ക് പടർന്നെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ കാരണം കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കാതെ തടയാൻ സാധിച്ചു. തീപിടിത്തത്തിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വിവരമറിഞ്ഞയുടനെ വാർഡ് മെമ്പർ ഫെറിൻ സേവ്യർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

Comments
Post a Comment