ഒരക്ഷരം മിണ്ടാതെ വീണ്ടും ഞെട്ടിച്ച് ഖാബി; പണികിട്ടിയത് വെൻഡി ജുവലിന്
മിലാൻ: തന്റെ ലളിതമായ ആംഗ്യങ്ങളിലൂടെ ലോകത്തെ ചിരിപ്പിച്ച പ്രമുഖ ടിക് ടോക് താരം ഖാബി ലെയിം ജീവിതത്തിലും വലിയൊരു 'ട്വിസ്റ്റ്' ഒളിപ്പിച്ചുവെച്ചിരുന്നതായി റിപ്പോർട്ടുകൾ. ഖാബിയും ഭാര്യ വെൻഡി ജുവലും തമ്മിലുള്ള വിവാഹമോചന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയെ അമ്പരപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.
വിവാഹമോചന നഷ്ടപരിഹാരമായി ഖാബിയുടെ സ്വത്തിൻ്റെ പകുതി വേണമെന്ന് വെൻഡി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി രേഖകൾ പരിശോധിച്ചപ്പോൾ ഖാബിയുടെ പേരിൽ പറയത്തക്ക ആസ്തികളൊന്നുമില്ലെന്ന വിവരമാണ് പുറത്തുവന്നത്. ഖാബിയുടെ കോടിക്കണക്കിന് രൂപയുടെ സമ്പാദ്യവും നിക്ഷേപങ്ങളും മുഴുവൻ അദ്ദേഹത്തിന്റെ പിതാവിൻ്റെ പേരിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തിരിച്ചടിയായി വെൻഡിയുടെ ആസ്തി
കഥയിലെ യഥാർത്ഥ ട്വിസ്റ്റ് ഇതൊന്നുമല്ല. വെൻഡി ജുവലിന് ഏകദേശം 83 കോടി രൂപയുടെ സ്വന്തം ആസ്തിയുണ്ട്. നിയമപരമായി ഖാബിക്ക് സ്വത്തില്ലാത്ത സാഹചര്യത്തിൽ, നിലവിലെ നിയമങ്ങൾ അനുസരിച്ച് വെൻഡിയുടെ സ്വത്തിൻ്റെ പകുതി ഖാബിക്ക് വിട്ടുകൊടുക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ വെൻഡിയുടെ അഭിഭാഷകർ. ഖാബിയുടെ പക്കൽ നിന്നും പണം പ്രതീക്ഷിച്ച വെൻഡിക്ക് സ്വന്തം കൈയ്യിലുള്ള പണം കൂടി നഷ്ടപ്പെടുമോ എന്ന അവസ്ഥയാണിപ്പോൾ.
ഹക്കിമി മോഡൽ തന്ത്രം
നേരത്തെ ലോകപ്രശസ്ത ഫുട്ബോൾ താരം അഷ്‌റഫ് ഹക്കിമിയും സമാനമായ രീതിയിൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഹക്കിമിയുടെ വിവാഹമോചന വേളയിലും ആസ്തികളെല്ലാം മാതാവിൻ്റെ പേരിലാണെന്ന് കണ്ടെത്തിയത് വലിയ ചർച്ചയായിരുന്നു. അതേ തന്ത്രം തന്നെയാണ് ഖാബിയും പ്രയോഗിച്ചിരിക്കുന്നത്. വീഡിയോകളിൽ സങ്കീർണ്ണമായ കാര്യങ്ങളെ ലളിതമായി കാണിച്ചുതരുന്ന ഖാബി, ജീവിതത്തിലെ പ്രതിസന്ധികളെയും അത്രമേൽ ലളിതമായി കൈകാര്യം ചെയ്തു എന്നാണ് ആരാധകരുടെ പക്ഷം.

Comments
Post a Comment