താമരശ്ശേരിയുടെ ഉറക്കം കെടുത്തുന്ന അജ്ഞാതൻ; താമരശ്ശേരിയിൽ വേട്ടക്കാരനെ തേടി പോലീസ്
താമരശ്ശേരി: താമരശ്ശേരിയിലെ വിവിധ ഭാഗങ്ങളിൽ അജ്ഞാതന്റെ വിളയാട്ടം. അടിവാരത്തും കാരാടിയിലുമായി തുടർച്ചയായുണ്ടായ മോഷണശ്രമങ്ങളും ആക്രമണങ്ങളും നാട്ടുകാരിൽ കടുത്ത ആശങ്ക പരത്തുന്നു. വീടുകൾക്കുള്ളിൽ അതിക്രമിച്ചു കയറിയും മൊബൈൽ ഫോണുകൾ മോഷ്ടിച്ചും, വീട്ടിൽ കയറി യുവതിയെ പേടിപ്പിച്ചും ഉണ്ടായ സംഭവങ്ങൾ വലിയ ഞെട്ടലാണ് പ്രദേശത്ത് ഉണ്ടാക്കിയിരിക്കുന്നത്.
എലിക്കാട്: വീട്ടിൽ അജ്ഞാതൻ
അടിവാരം എലിക്കാട് മംഗലശ്ശേരി ഷാഹിദിന്റെ വീട്ടിലാണ് ആദ്യം അജ്ഞാതനെ കണ്ടത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഷാഹിദ് ബിസിനസ്സ് ആവശ്യത്തിനായി പുറത്തുപോയ സമയത്ത് ഭാര്യ റീഷത്തും രണ്ട് കുട്ടികളും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വേസ്റ്റ് പുറത്തുകളയാനായി അടുക്കള വാതിലിലൂടെ പുറത്തിറങ്ങി തിരികെ എത്തിയ റീഷത്ത് കണ്ടത് ഡൈനിങ്ങ് ഹാളിലെ സ്റ്റെയറിന് സമീപം നിൽക്കുന്ന അജ്ഞാതനെയാണ്. റീഷത്ത് ഉടൻ തന്നെ പുറത്തിറങ്ങി അയൽക്കാരെ വിളിച്ചുകൂട്ടി ബഹളം വെച്ചതോടെ ഇയാൾ വീട്ടിനുള്ളിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.
പുലർച്ചെ മോഷണം
ഇതേ പ്രദേശത്ത് തന്നെയാണ് തൊട്ടടുത്തുള്ള എലിക്കാട് പുഴക്കുന്ന് ഉമ്മറിന്റെ വീട്ടിലും മോഷണം നടന്നത്. ഇന്ന് പുലർച്ചെ സുബഹ് നമസ്‌കാരത്തിനായി ഉമ്മർ എഴുന്നേറ്റപ്പോഴാണ് ചാർജ് ചെയ്യാൻ വെച്ചിരുന്ന മൊബൈൽ ഫോൺ മോഷണം പോയ വിവരം അറിയുന്നത്. കുട്ടികൾ ഉറങ്ങുകയായിരുന്ന മുറിയിൽ കടന്നാണ് മോഷ്ടാവ് ഫോൺ കൈക്കലാക്കിയത്. എന്നാൽ വീട്ടുകാർ ആരും തന്നെ ഈ സമയത്ത് മോഷ്ടാവിനെ കണ്ടിരുന്നില്ല. ഈ രണ്ട് സംഭവങ്ങളിലും താമരശ്ശേരി പോലീസിൽ പരാതി നൽകി.
പോലീസ് അന്വേഷണം ഊർജ്ജിതമാക്കി
തുടർച്ചയായി അരങ്ങേറുന്ന ഇത്തരം സംഭവങ്ങൾ പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും ജനങ്ങൾ ഭയക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംഭവങ്ങളിൽ താമരശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയും അക്രമിയെ ഉടൻ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Comments
Post a Comment