രാത്രിയുടെ നിശബ്ദതയിൽ ദൈവദൂതന്മാരെപ്പോലെ പോലീസ്;ആശുപത്രിയിലെത്തിച്ചു, മിനിറ്റുകൾക്കുള്ളിൽ സരോജിനി പെൺകുഞ്ഞിന് ജന്മം നൽകി

 




മാനന്തവാടി: കടുത്ത പ്രസവവേദനയാൽ സഹായമില്ലാതെ തളർന്ന യുവതിക്ക് ദൈവദൂതന്മാരെപ്പോലെ എത്തി പോലീസുകാർ. വയനാട് നിരവിൽപ്പുഴ മാരാടി ഉന്നതിയിലെ കുറുമൻ-മല്ലിക ദമ്പതികളുടെ മകൾ സരോജിനിക്കാണ് പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ ലഭിച്ചത്. ആശുപത്രിയിലെത്തിച്ച് മിനിറ്റുകൾക്കുള്ളിൽ സരോജിനി ആരോഗ്യവതിയായ ഒരു പെൺകുഞ്ഞിന് ജന്മം നൽകി.


കഴിഞ്ഞ ദിവസം രാത്രിയിലാണ് സരോജിനിക്ക് കടുത്ത പ്രസവവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ആംബുലൻസിനായി പ്രദേശത്തെ പല സർവീസുകളെയും ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ദുർഘടമായ പാതയും രാത്രിയുമായതിനാൽ ആംബുലൻസടക്കം ഒരു വാഹനവും ലഭ്യമാകാതെ വന്നതോടെ കുടുംബം നിസ്സഹായാവസ്ഥയിലായി. തുടർന്നാണ് ഒടുവിൽ പ്രതീക്ഷയോടെ '112' എന്ന നമ്പറിൽ വിളിച്ച് പോലീസ് സഹായം തേടിയത്.


വിവരം ലഭിച്ച ഉടൻ തൊണ്ടർനാട് സ്റ്റേഷൻ ജി.ഡി ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.ആർ. അനൂപ്, മുഹമ്മദ് സാലിം എന്നിവർ ക്യു.ആർ.ടി (QRT) പട്രോളിംഗ് സംഘത്തെ ബന്ധപ്പെട്ടു. പ്രാദേശിക നേതാക്കളുടെ സഹായത്തോടെ ഒരു ആശാ വർക്കറെയും സംഘടിപ്പിച്ച് പോലീസ് സംഘം യുവതിയുടെ അടുത്തേക്ക് കുതിച്ചു.

​എസ്.ഐ. വർഗീസ് തോമസ് (ട്രാഫിക് യൂണിറ്റ്, മാനന്തവാടി), എസ്.സി.പി.ഒ ഡ്രൈവർ ഷിനു റോഷൻ, കെ.എ.പി അഞ്ചാം ബറ്റാലിയനിലെ റിജോ ജോണി, വിനു വർഗീസ്, മിഥുൻ കെ. ബാബു, വിജയ് വിശ്വം എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലത്തെത്തിയത്. തകർന്നുകിടക്കുന്ന റോഡിലൂടെ അതീവ ജാഗ്രതയോടെയും എന്നാൽ വേഗത്തിലും യുവതിയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ സരോജിനി കുഞ്ഞിന് ജന്മം നൽകി.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നാടിന്റെ സുരക്ഷയ്‌ക്കൊപ്പം തന്നെ ജനങ്ങളുടെ ആപദ്ഘട്ടങ്ങളിൽ താങ്ങായി നിൽക്കുന്ന സേനയുടെ ഈ പ്രവർത്തനത്തെ മുക്തകണ്ഠം പ്രശംസിക്കുകയാണ് നാട്ടുകാർ. "ഞങ്ങളില്ലേ കൂടെ" എന്ന ഉറപ്പോടെ പോലീസ് നടത്തിയ ഈ ഇടപെടൽ സേനയ്ക്ക് അഭിമാനമായി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി