കാറ്റുള്ളമല; നമ്പികുളം ടൂറിസം കേന്ദ്രത്തിന് നേരെ ആക്രമണം; ഫെൻസിംഗ് നശിപ്പിച്ച നിലയിൽ
കൂരാച്ചുണ്ട്: കാറ്റുള്ളമല നമ്പികുളം ഇക്കോ ടൂറിസം മേഖലയിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. വിനോദസഞ്ചാര കേന്ദ്രത്തിൽ നിർമിച്ചിരുന്ന സുരക്ഷാ ഫെൻസിംഗ് വ്യാപകമായി നശിപ്പിച്ച നിലയിൽ കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് ടൂറിസം കേന്ദ്രത്തിലെ വാച്ച് ടവറിനും മറ്റ് അനുബന്ധ കെട്ടിടങ്ങൾക്കും സമീപമുള്ള ഫെൻസിംഗ് തകർത്ത നിലയിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. വിനോദസഞ്ചാരികളുടെ സുരക്ഷയും പ്രദേശത്തിന്റെ സംരക്ഷണവും മുൻനിർത്തി ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച സൗകര്യങ്ങളാണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്.
സംഭവത്തിൽ അധികൃതർ കൂരാച്ചുണ്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രദേശത്ത് ഇത്തരം അക്രമങ്ങൾ ആവർത്തിക്കുന്നത് വിനോദസഞ്ചാര മേഖലയുടെ വികസനത്തെ ദോഷകരമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ടൂറിസം കേന്ദ്രത്തിന് കൂടുതൽ സുരക്ഷ ഏർപ്പെടുത്തണമെന്നുമുള്ള ആവശ്യം നാട്ടുകാരിൽ നിന്നും ഉയരുന്നുണ്ട്. പോലീസ് സംഭവസ്ഥലം പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.

Comments
Post a Comment