വീട്ടിൽ കള്ളൻ കയറിയെന്ന് കരുതി ഉണർന്നവർ കണ്ടത് നടുക്കുന്ന കാഴ്ച; മൂഴിക്കലിനെ നടുക്കി ചോരക്കറ പുരണ്ട പുലർച്ചെ

 


കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ നാടിനെ നടുക്കിയ ദാരുണ സംഭവം. പതിനാറു വയസ്സുകാരിയായ നസ്രിനയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് അദ്നാൻ (21) ജീവനൊടുക്കി. കുളത്തൂർ സ്വദേശിയായ അദ്നാൻ, നസ്രിനയുടെ വീട്ടിലെ മുകൾ നിലയിലെ മുറിയിൽ വെച്ചാണ് കൃത്യം നടത്തിയത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ഒരു കുടുംബത്തെയാകെ കണ്ണീരിലാഴ്ത്തിയ ഈ ദുരന്തം.

നസ്രിനയുടെ അമ്മയും മുത്തശ്ശിയും സഹോദരങ്ങളും വീട്ടിലുള്ളപ്പോഴാണ് അതിക്രൂരമായ കൊലപാതകം നടന്നത്. പുലർച്ചെ വീട്ടിൽ കള്ളൻ കയറിയതാണെന്ന് കരുതി വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മുകൾ നിലയിലെ കിടപ്പുമുറിയിൽ നസ്രിനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നസ്രിനയെ ഉപദ്രവിക്കുന്നത് തടയാൻ ശ്രമിച്ച മുത്തശ്ശിയെയും അദ്നാൻ ശ്വാസംമുട്ടിക്കാൻ ശ്രമിച്ചതായി വിവരമുണ്ട്.

സഹോദരിമാരുടെ മക്കളായ അദ്നാനും നസ്രിനയും അടുത്ത ബന്ധുക്കളാണ്. നസ്രിനയുടെ വീട്ടിൽ താമസിച്ചായിരുന്നു അദ്നാൻ പഠിച്ചിരുന്നത്. എന്നാൽ അദ്നാന്റെ സ്വഭാവദൂഷ്യത്തെച്ചൊല്ലി നസ്രിന ഇയാളെ ചോദ്യം ചെയ്തിരുന്നു. കൂടാതെ വീട്ടിൽ നിന്ന് പണം മോഷണം പോയതിനെച്ചൊല്ലിയും ഇവർക്കിടയിൽ തർക്കമുണ്ടായിരുന്നു. ഈ പകയാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അദ്നാന്റെ പെരുമാറ്റദൂഷ്യം കാരണം നസ്രിനയുടെ കുടുംബം ഇയാളുമായി കുറച്ചുകാലമായി അകൽച്ചയിലായിരുന്നു.

നസ്രിനയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്ത് അദ്നാനെ ഒരു മുറിയിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. വീട്ടുകാർ ആശുപത്രിയിൽ നിന്ന് തിരികെയെത്തിയപ്പോൾ മുഖത്ത് സെല്ലോ ടേപ്പ് ചുറ്റിയ നിലയിലാണ് അദ്നാനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്നാന്റെ മരണത്തിലെ അസ്വാഭാവികതയെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

കോഴിക്കോട് സിറ്റി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി