ബാലുശ്ശേരിയിൽ ആവേശം വിതറാൻ ഡി.കെ. ശിവകുമാർ ഇന്ന് കൂട്ടാലിടയിൽ ; വി.ടി. സൂരജിനായി കർണാടക ഉപ മുഖ്യമന്ത്രി ഇന്ന് കൂട്ടാലിടയിൽ
ബാലുശ്ശേരി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ, ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി വി.ടി. സൂരജിന്റെ പ്രചാരണത്തിനായി കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇന്ന് (ഞായർ) എത്തും. വൈകിട്ട് 4 മണിക്ക് കൂട്ടാലിടയിൽ നടക്കുന്ന കൂറ്റൻ പൊതുസമ്മേളനത്തിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.
നിയമസഭാ പോരാട്ടത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്ന ബാലുശ്ശേരിയിൽ ഡി.കെ. ശിവകുമാറിന്റെ വരവ് പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. കോൺഗ്രസിന്റെ കരുത്തനായ ഈ ദേശീയ നേതാവിനെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് യുഡിഎഫ് കേന്ദ്രങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത്.
യുഡിഎഫ് തെരഞ്ഞെടുപ്പ് റാലി
പൊതുസമ്മേളനത്തോടനുബന്ധിച്ച് കോട്ടൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ തെരഞ്ഞെടുപ്പ് റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകർ റാലിയിൽ അണിനിരക്കും. സ്ഥാനാർത്ഥി വി.ടി. സൂരജിന് പുറമെ പ്രമുഖ യുഡിഎഫ് നേതാക്കളും പരിപാടിയിൽ സംബന്ധിക്കും. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി മണ്ഡലത്തിൽ ശക്തിപ്രകടനമാക്കാനാണ് യുഡിഎഫ് നീക്കം.

Comments
Post a Comment