സഹോദരിയെ ശല്യം ചെയ്തതിനെച്ചൊല്ലി തർക്കം തർക്കം; പകൽവെളിച്ചത്തിൽ വെടിവെപ്പ്: ഒരാൾ മരിച്ചു, മലയാളി പിടിയിൽ
മുമ്പ്ര: മഹാരാഷ്ട്രയിലെ താനെ മുമ്പ്രയിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. മുമ്പ്ര കൈലാഷ് നഗറിലെ സുമന്തായ് ചവാൻ ഹിന്ദി സ്കൂളിന് സമീപം വ്യാഴാഴ്ച രാവിലെയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ മലയാളി ജയൻ ശിവാനന്ദൻ നായരെ (51) മുമ്പ്ര പോലീസ് ആയുധം സഹിതം അറസ്റ്റ് ചെയ്തു.
വെടിയേറ്റ അക്ബർ അബ്ദുൽ ഷെയ്ഖ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഒപ്പമുണ്ടായിരുന്ന അബ്ദുൽ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് ഷെയ്ഖ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ മുമ്പ്രയിലെ കൽസേക്കർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സ്കൂൾ വളപ്പിലെ വാഴ വെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ നിസ്സാര തർക്കമാണ് വലിയ ദുരന്തത്തിൽ കലാശിച്ചത്. സ്കൂളിലെ കെയർ ടേക്കറായ യുവതിയും മൂന്ന് യുവാക്കളും തമ്മിൽ ഇതുസംബന്ധിച്ച് തർക്കമുണ്ടായിരുന്നു. ഈ സമയത്ത് യുവാക്കൾ തന്നെ ശല്യം ചെയ്തതായി യുവതി തന്റെ ബന്ധുവായ ജയൻ നായരോട് പരാതിപ്പെട്ടു. തന്റെ വളർത്തമ്മയുടെ മകളെ യുവാക്കൾ ശല്യം ചെയ്തെന്നറിഞ്ഞ ജയൻ പ്രകോപിതനാവുകയും കയ്യിലുണ്ടായിരുന്ന നാടൻ തോക്കെടുത്ത് മൂവർക്കും നേരെ വെടിയുതിർക്കുകയുമായിരുന്നുവെന്ന് മുമ്പ്ര സീനിയർ ഇൻസ്‌പെക്ടർ അനിൽ ഷിൻഡെ പറഞ്ഞു.
വെടിവെപ്പിന് ശേഷം സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ പിടികൂടാൻ പോലീസ് ഊർജ്ജിതമായ അന്വേഷണം നടത്തിയിരുന്നു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജയൻ നായരെ പോലീസ് വലയിലാക്കിയത്. ഇയാളിൽ നിന്നും കൃത്യത്തിന് ഉപയോഗിച്ച തോക്കും കണ്ടെടുത്തു.
ജനവാസ മേഖലയിൽ പകൽസമയത്ത് നടന്ന ഈ ക്രൂരകൃത്യം പ്രദേശവാസികൾക്കിടയിൽ വലിയ ഭീതി പടർത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് മുമ്പ്ര പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സ്ഥലത്ത് നിലവിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
കുറച്ചുദിവസങ്ങൾക്ക് മുൻപ് മുമ്പ്രയിൽ റീൽ താരം നദീം ഖാന്റെ കാറിന് നേരെ വെടിവെപ്പ് നടന്നിരുന്നു. അന്ന് പ്രതികളെ പിടികൂടാനെത്തിയ പോലീസിന് നേരെ അഞ്ച് റൗണ്ട് വെടിയുതിർത്ത സംഭവം വലിയ വാർത്തയായിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ മുമ്പ്രയിൽ ആയുധ ഉപയോഗം വർധിക്കുന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇത് പോലീസിനെ വലിയ രീതിയിൽ ആശങ്കയിലാക്കുന്നുണ്ട്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Comments
Post a Comment