കൊച്ചിയിൽ 'സോംബി' വിക്രിയ; രാത്രി റോഡിൽ യാത്രക്കാരെ ഭയപ്പെടുത്തിയ യുവാവ് പിടിയിൽ

 

കൊച്ചി: നെട്ടൂരിൽ രാത്രികാലങ്ങളിൽ റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി യാത്രക്കാരെ ഭയപ്പെടുത്തുകയും വികൃതമായ ചേഷ്ടകൾ കാണിക്കുകയും ചെയ്ത യുവാവിനെ പനങ്ങാട് പൊലീസ് പിടികൂടി. നെട്ടൂർ പുത്തൻ വീട്ടിൽ സനൂപ് അസിയാണ് പൊലീസിന്റെ പിടിയിലായത്. ഇയാൾ നടുറോഡിൽ കാറുകൾ തടയുന്നതിന്റെയും വിചിത്രമായി പെരുമാറുന്നതിന്റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

​അടുത്തിടെയാണ് ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ ഈ യുവാവിന്റെ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. "കൊച്ചിയിലുള്ളവരാണെങ്കിൽ ഈ വീഡിയോ എന്തായാലും കാണണം, രാത്രിയിൽ വൈകിവരുന്നവരാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കുക" എന്ന മുന്നറിയിപ്പോടെയാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. നെട്ടൂർ ധന്യ ജംങ്ഷൻ കേന്ദ്രീകരിച്ചായിരുന്നു യുവാവിന്റെ പരാക്രമങ്ങൾ. മയക്കുമരുന്ന് ഉപയോഗിച്ചാണോ യുവാവ് ഇത്തരത്തിൽ പെരുമാറുന്നതെന്ന് വീഡിയോ പകർത്തിയവർ സംശയം പ്രകടിപ്പിച്ചിരുന്നു.

​കാറിനുള്ളിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളിൽ, കാറിനു മുന്നിലേക്ക് യുവാവ് വട്ടം ചാടുന്നതും റോഡിൽ കിടക്കുന്നതും വ്യക്തമാണ്. കാർ റിവേഴ്സ് എടുത്തു മാറിപ്പോകാൻ ശ്രമിച്ചാലും യുവാവ് പിന്നാലെ നടന്നെത്തുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഇത് വഴിയാത്രക്കാർക്കും വാഹനയാത്രക്കാർക്കും വലിയ ഭീതിയാണ് സൃഷ്ടിച്ചത്.

​വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ കൊച്ചി സിറ്റി പൊലീസ് വിഷയത്തിൽ ഇടപെടുകയായിരുന്നു. പനങ്ങാട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. "ആളെ തൂക്കിയിട്ടുണ്ട്" എന്ന കുറിപ്പോടെ കൊച്ചി സിറ്റി പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും സംഭവം പങ്കുവെച്ചു.

​പൊലീസ് ഫെയ്‌സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: "രാത്രി കാലങ്ങളിൽ മരട്, നെട്ടൂർ കരയിൽ ധന്യാ ജംങ്ഷനിൽ കാർ യാത്രക്കാരെയും മറ്റ് കാൽനടയാത്രക്കാരേയും തടഞ്ഞ് നിർത്തി ഭീതിപ്പെടുത്തിയും പൊതുജനങ്ങളുടെ സൈര്യജീവിതത്തിന് ഭീഷണിയുണ്ടാക്കി ബഹളം വെക്കുന്നതായി കാണപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നെട്ടൂർ പുത്തൻ വീട്ടിൽ സനൂപിനെ ഏതെങ്കിലും കുറ്റകൃത്യത്തിലേർപ്പെടാൻ സാധ്യതയുള്ളതിനാൽ അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റർ ചെയ്തു."

​ഇയാളെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് താക്കീത് നൽകിയ ശേഷം വിട്ടയച്ചു. പൊതുജനങ്ങളുടെ സൈര്യജീവിതത്തിന് തടസ്സം നിൽക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി