ഇരുട്ടിൽ കാട്ടുപോത്തുകൾ; രാത്രിയാത്രക്കാർക്ക് വനംവകുപ്പിന്റെ മുന്നറിയിപ്പ്
പെരുവണ്ണാമൂഴി: ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപത്തെ ജനവാസ മേഖലയിൽ കാട്ടുപോത്തുകളെ കണ്ടത് നാട്ടുകാരിൽ ആശങ്ക പരത്തുന്നു. കഴിഞ്ഞ ദിവസം രാത്രി 11.30-ഓടെയാണ് ഒറ്റക്കണ്ടം ഭാഗത്തുനിന്ന് മരുതോങ്കരയിലേക്ക് വരുന്ന വഴിയിൽ കാട്ടുപോത്തുകളുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്.
തൊട്ടിൽപാലം സ്വദേശികളായ മഹേഷ് കരിങ്ങാടും സുഹൃത്തുക്കളും സഞ്ചരിക്കുന്നതിനിടെയാണ് കാട്ടുപോത്തിനെ ആദ്യം കണ്ടത്. ആദ്യം ഒറ്റയൊന്നിനെ കണ്ട ഞെട്ടലിലായിരുന്നു ഇവർ, എന്നാൽ തൊട്ടുപിന്നാലെ രണ്ട് കാട്ടുപോത്തുകളെ കൂടി ഇവർ കാണുകയായിരുന്നു. ജനവാസമേഖലയോട് ചേർന്നുള്ള റോഡിൽ ഇവയെ കണ്ടതോടെ നാട്ടുകാർ ജാഗ്രതയിലാണ്.
ജാനകിക്കാട് പരിസരത്ത് കാട്ടുപോത്തുകൾ ഇറങ്ങിയ സാഹചര്യത്തിൽ, രാത്രികാലങ്ങളിൽ ഈ മേഖലയിലൂടെ സഞ്ചരിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ വേഗത കുറയ്ക്കണമെന്നും വന്യമൃഗങ്ങളെ കണ്ടാൽ പ്രകോപിപ്പിക്കാതെ മാറിനിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ വന്യജീവികളുടെ സാന്നിധ്യം വർധിച്ചതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വനംവകുപ്പിന്റെ ഭാഗത്തുനിന്നുള്ള കൂടുതൽ ശക്തമായ നിരീക്ഷണം ഈ മേഖലയിൽ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Comments
Post a Comment